സഹകരണ സംഘങ്ങൾക്ക് മിനി മാർക്കറ്റ് സ്ഥാപിക്കാൻ അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് തണുപ്പുകാല തമ്പ് സീസൺ ആരംഭിക്കാനിരിക്കെ സഹകരണ സംഘങ്ങൾക്ക് മിനി മാർക്കറ്റും റിക്രിയേഷൻ സെൻററുകളും സ്ഥാപിക്കാൻ അനുമതി. ക്യാമ്പുകൾക്ക് അനുബന്ധമായ ഇത്തരം കേന്ദ്രങ്ങൾ വരുന്നത് തണുപ്പ് ആസ്വദിക്കാൻ വിദൂര സ്ഥലങ്ങളിൽ തമ്പുകളിൽ കഴിയുന്നവർക്ക് വളരെയേറെ ആശ്വാസമാവും. താൽക്കാലിക കെട്ടിട സംവിധാനങ്ങളിലാണ് മിനി മാർക്കറ്റും റിക്രിയേഷൻ സെൻററുകളും പ്രവർത്തിക്കുക. ഇതിനായി സഹകരണ സംഘങ്ങൾക്ക് 20 സ്ഥലങ്ങൾ നിശ്ചയിച്ചുനൽകിയിട്ടുണ്ട്. സഹകരണ സംഘങ്ങൾക്ക് ഇത് നല്ലൊരു വരുമാന മാർഗവും ആവും. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് രാജ്യത്ത് ശൈത്യകാല തമ്പുകൾ പണിയുന്നതിന് അനുമതിയുള്ളത്.
ഏതൊക്കെ സ്ഥലങ്ങളിലാണ് തമ്പ് പണിയാൻ അനുമതിയുള്ളതെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് മുനിസിപ്പാലിറ്റി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രം, പരിസ്ഥിതി വകുപ്പ്, പെട്രോളിയം മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച് മാത്രമാണ് ഏതെല്ലാം മേഖലയിൽ ടെൻറുകൾക്ക് അനുമതി നൽകണമെന്ന അന്തിമ തീരുമാനം പ്രഖ്യാപിക്കൂ. കുവൈത്ത് മുനിസിപ്പാലിറ്റി 34 സ്ഥലങ്ങളാണ് പ്രാഥമിക നിർദേശമായി മുന്നോട്ടുവെച്ചത്. തണുപ്പിെൻറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങൾ കഴിച്ച് കൂട്ടുകാർക്കൊപ്പം കളിതമാശകൾ പങ്കുവെച്ച് സജീവമാവുന്നത് അറബികൾക്കിടയിൽ ശീലമാണ്. സിറിയൻ, ലബനാൻ ഉൾപ്പെടെ അറബ് വംശജരാണ് സ്വദേശികൾക്കുപുറമെ തമ്പ് പണിത് മരുഭൂമിയിൽ തണുപ്പാസ്വദിക്കാനെത്താറുള്ളത്. നിർണയിച്ചുനൽകിയ ഭാഗങ്ങളിലല്ലാതെ തമ്പ് പണിയാൻ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
