തൊഴിൽ നിയമലംഘനം കൂടുന്നു; 47 പേരെ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: അനധികൃത കുടിയേറ്റം കണ്ടെത്തുന്നതിനും നിയമവിധേയമല്ലാതെ ജോലിയെടുക്കുന്നത് കണ്ടെത്തുന്നതിനുമായി മാന്‍പവര്‍ അതോറിറ്റി ജലീബ് അല്‍ ശുയൂഖ് കേന്ദ്രീകരിച്ചു ബുധനാഴ്ച പരിശോധന നടത്തി. അനധികൃതമായി തൊഴിലിലേര്‍പ്പെട്ട 47 പേരെ പിടികൂടി സുരക്ഷാ വകുപ്പിനു കൈമാറി. തൊഴിലാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും രാജ്യത്തുനിന്നു നാടുകടത്തണമെന്നും മാന്‍പവര്‍ അതോറിറ്റി സുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ നാലുമുതല്‍ ജലീബ് അല്‍ ശുയൂഖ് കേന്ദ്രീകരിച്ചു രാജ്യത്തെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ മൊത്തം 155 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലൈസന്‍സില്ലാതെ കടകള്‍ പ്രവര്‍ത്തിക്കുക, നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലല്ലാതെ ജോലിചെയ്യുക, മാലിന്യം നിക്ഷേപിക്കുക, ലൈസന്‍സില്ലാതെ തെരുവുകച്ചവടം നടത്തുക, താമസ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചു ലൈസന്‍സില്ലാതെ കച്ചവടം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഭാഗങ്ങളില്‍ കണ്ടുവരുന്നത്.
ജലീബ് അല്‍ ശുയൂഖ് സബാഹ് സാലിം നിർമാണ മേഖലകള്‍ കേന്ദ്രീകരിച്ച് കുവൈത്ത് മുനിസിപ്പാലിറ്റിയും വ്യാപാര വകുപ്പും സംയുക്തമായി നേരത്തേ പരിശോധന നടത്തിയിരുന്നു. രണ്ടുദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ അനധികൃതമായി നിർമാണമേഖലയില്‍ തൊഴില്‍ ചെയ്യുന്ന 61 പേരെ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. റെസിഡന്‍സി നിയമം ലംഘിച്ചു തൊഴിലുകളിലേർപ്പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്. നിയമലംഘനം നടത്തിയവരില്‍ കൂടുതലും കമ്പനി വിസയില്‍ രാജ്യത്തെത്തിയവരാണ്. കമ്പനി വിസയിലുള്ള 26 പേരെയാണ് സംഘം പിടികൂടിയത്. 20ാം നമ്പര്‍ വിസയിലുള്ള 15 പേരെയും മറ്റു ചെറുകിട വ്യവസായ മേഖലയിലെ വിസയിലെത്തിയ കുറച്ചുപേരെയും സംഘം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ വിദേശികള്‍ കൂടുതല്‍ താമസിക്കുന്നത് ഈ മേഖലയിലാണ്. നിരവധി നിയമലംഘനങ്ങള്‍ ജലീബ് അല്‍ ശുയൂഖില്നിന്നു മാത്രം കണ്ടെത്തിയതിനെ തുടർന്ന് പരിശോധനകളും റെയ്ഡുകളും വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇത്തരം അനാവശ്യ പ്രവണതകൾ തുടച്ചുനീക്കി ജലീബ് അല്‍ ശുയൂഖിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് മുനിസിപ്പാലിറ്റി. തൊഴിൽ നിയമലംഘനത്തിന് ആറുമാസത്തിനിടെ 398 പേരെ അറസ്റ്റ് ചെയ്തു. സ്പോൺസറുടെ കീഴിലല്ലാതെ ജോലിചെയ്തവരാണ് ഭൂരിഭാഗവും. ഗാർഹിക തൊഴിൽവിസയിലുള്ള 162പേരും സ്വകാര്യമേഖലയിലെ തൊഴിൽ വിസയിലുള്ള 224 പേരും കുടുംബവിസയിലുള്ള 12 പേരുമാണ് പിടിയിലായത്. കഴിഞ്ഞദിവസം മാത്രം 36 വിദേശികൾ പിടിയിലായിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിെൻറ സഹകരണത്തോടെ മാൻപവർ അതോറിറ്റി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. നിത്യോപയോഗ വസ്തുക്കൾ വിൽപന നടത്തുന്നവരാണ് പിടിയിലായവരിൽ ഏറെയും. അതേസമയം, സഫാത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്നു തയ്യൽ കടകൾ വാണിജ്യമന്ത്രാലയം പൂട്ടിച്ചു. ക്രമക്കേടുകൾ കണ്ടെത്തിയ അഞ്ചു കടകൾക്ക് നോട്ടീസ് നൽകിയിട്ടുമുണ്ട്. ലൈസൻസിലെ വ്യവസ്ഥകൾക്ക് അനുസൃതമാണ് സ്ഥാപനങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
