ജാബിർ പാലത്തിൽ മാലിന്യം നിക്ഷേപിച്ചാൽ കനത്ത പിഴയും തടവും
text_fieldsകുവൈത്ത് സിറ്റി: മേയ് ഒന്നിന് അമീർ ഉദ്ഘാടനം ചെയ്ത ശൈഖ് ജാബിർ കോസ്വേയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴയും തടവുശിക്ഷയും ലഭിക്കും. ഒരു വർഷം മുതൽ മൂന്നുവർഷം വരെ തടവും 5000 ദീനാർ മുതൽ 50,000 ദീനാർ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
മേഖലയിൽ പരിസ്ഥിതി നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിസ്ഥിതി പൊലീസ് റോന്തുചുറ്റും. ജാബിർ പാലവും അനുബന്ധ ഭാഗങ്ങളും വൃത്തിയായിരിക്കുന്നത് ഉറപ്പാക്കാനാണ് ശക്തമായ ശിക്ഷ മുന്നറിയിപ്പ് നൽകിയത്. റോഡും പാലവും പൊതുഇടങ്ങളും വൃത്തിയായി സൂക്ഷിക്കാൻ സ്വദേശികളും വിദേശികളും ഉൾപ്പെടെ രാജ്യനിവാസികൾ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.
ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബ്ബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാനപാലത്തിലും ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിയിലും പരിസ്ഥിതി നിയമം ബാധകമാണ്. ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ശൈഖ് ജാബിർ പാലത്തിൽ ഒരുക്കിയിട്ടുള്ളത്. 819 ഫിക്സഡ് കാമറകൾക്ക് പുറമെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാൻ ടിൽറ്റ് സൂം കാമറകളും പാലത്തിൽ നിരീക്ഷണത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
