വാർഷികാവധി 35 ദിവസമാക്കുന്നതിന് പ്രാഥമികാംഗീകാരം
text_fieldsകുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമായി വർധിപ്പിക്കണമെന്ന നിർ ദേശത്തിന് കുവൈത്ത് പാർലമെൻറ് അംഗീകാരം നൽകി. സ്വകാര്യമേഖലയിലെ വിദേശികൾക്കും സ്വദേശികൾക്കും വാർഷികാവധി നിലവിലുള്ള 30 ദിവസം 35 ദിവസമാക്കി വർധിപ്പിക്കുന്ന രീതിയിൽ തൊഴിൽനിയമത്തിൽ ഭേദഗതി വരുത്തണമെന്ന നിർദേശം സഭ ആദ്യ വായനയിൽ തന്നെ ഏകകണ്ഠമായി അംഗീകരിച്ചു. സഭയിൽ ഹാജരുണ്ടായിരുന്ന 45 എം.പിമാരും വാർഷികാവധി വർധിപ്പിക്കുന്നതിനെ അനുകൂലിച്ചു. സർക്കാറിനും നിർദേശത്തോട് എതിർപ്പില്ല. അതേസമയം, 2010 മുതൽ മുൻകാല പ്രാബല്യം നൽകണമെന്ന നിർദേശത്തെ അപ്രായോഗികമെന്ന് വിലയിരുത്തി സർക്കാർ തള്ളി.
മുൻകാലപ്രാബല്യം നൽകി അതിനനുസരിച്ച് സാമ്പത്തികാനുകൂല്യം നൽകണമെന്ന നിർദേശമാണ് ചില എം.പിമാർ മുന്നോട്ടുവെച്ചത്. നേരത്തേ 2010ലാണ് വാർഷികാവധി വർധിപ്പിച്ചത്. നിയമം പ്രാബല്യത്തിലാവുന്നതോടെ സ്വകാര്യമേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഗുണം ചെയ്യും. പാർലമെൻറിൽ സെക്കൻഡ്, ഫൈനൽ വോട്ടിങ്ങും കഴിഞ്ഞ് മന്ത്രിസഭ വിജ്ഞാപനമിറക്കുന്നതോടെ മാത്രമേ നിയമം പ്രാബല്യത്തിലാവുകയുള്ളൂ. വിഷയത്തിൽ നടപടിക്രമങ്ങൾ വൈകില്ലെന്നും ഇൗ വർഷം തന്നെ നിയമഭേദഗതി പ്രാബല്യത്തിലാവുമെന്നുമാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
