മത്സ്യത്തൊഴിലാളികൾക്കായി മൂന്നുകോടി രൂപയുടെ പദ്ധതിയുമായി എൻ.ബി.ടി.സി
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതത്തിൽ കൈമെയ് മറന്ന് രക്ഷാപ്രവർത്ത നങ്ങളിൽ പങ്കാളികളായതിെൻറ ആദരമായി മത്സ്യത്തൊഴിലാളികളുടെ പുരോഗതിക്ക് മൂന്നു കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഐ.ടി.ഐ കോഴ്സ് ഉൾപ്പെടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും നൽകി കെ.ജി.എ ഗ്രൂപ്പിെൻറ വിവിധ സ്ഥാപനങ്ങളിൽ ജോലി നൽകും. പത്താം ക്ലാസ് വിജയിച്ച 20 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് ആനുകൂല്യം ലഭിക്കും. മേയ് 30ന് മുമ്പ് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് csr@nbtc-group.com എന്ന ഇമെയിലിൽ ബന്ധപ്പെടാം. വെള്ളപ്പൊക്കത്തിൽ സ്ത്യുത്യർഹ സേവനം നടത്തിയ മത്സ്യത്തൊഴിലാളി പ്രതിനിധി കെ.പി. ജൈസലിനെ കുവൈത്ത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് എൻ.ബി.ടി.സി ഗ്രൂപ് തിങ്കളാഴ്ച നടത്തുന്ന വിൻറർ കാർണിവലിൽ ആദരിക്കും.
കോർപറേറ്റ് ഓഫിസ് അങ്കണത്തിൽ നടക്കുന്ന മേളയുടെ ഭാഗമായി മാരത്തൺ, ഫുഡ് ഫെസ്റ്റ്, സ്റ്റേജ് ഷോ, അവാർഡ് വിതരണം, വിധു പ്രതാപ്, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവർ നയിക്കുന്ന സംഗീത പരിപാടി എന്നിവയുണ്ടാവും. കായികതാരം പത്മശ്രീ നേടിയ അഞ്ജു ബോബി ജോർജ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. എൻ.ബി.ടി.സി ചെയർമാൻ മുഹമ്മദ് എൻ. അൽ-ബദ്ദ, മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം എന്നിവർ നേതൃത്വം നൽകും. വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എൻ.ബി.ടി.സി ഫാമിലി വെൽഫെയർ ഫണ്ട് വിതരണം, വിവിധ അവാർഡ് വിതരണം തുടങ്ങിയവയും നടക്കും. ജീവനക്കാർക്ക് സൗജന്യമായി വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയുടെ മൂന്നാംഘട്ടമായി, ഈ വർഷം 25 വീടുകൾ നിർമിക്കുമെന്നും കെ.ജി. എബ്രഹാം അറിയിച്ചു. നേരത്തേ 57 വീട് നൽകിയിരുന്നു. പ്രളയദുരിതാശ്വാസത്തിന് എൻ.ബി.ടി.സി പത്തു കോടി രൂപയാണ് നീക്കിവെച്ചത്. ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നര കോടി രൂപ നൽകി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും 1.65 കോടി രൂപയുടെ സാമ്പത്തിക സഹായം എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
