മാതാപിതാക്കൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ് ഫീസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ആശ്രിത വിസയിലുള്ള ഭാര്യ, മക്കൾ എന്നിവരല്ലാത്തവർക്ക് ഏർപ്പെടുത്തിയിരുന്ന അധിക ഹെൽത്ത് ഇൻഷുറൻസ് ഫീസ് റദ്ദാക്കി. താമസകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി തലാൽ മഅ്റഫി ആണ് 2017 മുതൽ നടപ്പാക്കിയ നിബന്ധന പിൻവലിച്ച് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനപ്രകാരം ഭാര്യ, മക്കൾ അല്ലാത്തവർക്കുള്ള വാർഷിക ഇഖാമ ചെലവ് 250 ദീനാറിലൊതുങ്ങും. ആശ്രിത വിസയിലെത്തുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഇഖാമ അടിക്കാൻ രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 3000 വരെ ചികിത്സ കവറേജ് ലഭിക്കുന്ന അധിക ഇൻഷുറൻസ് വേണമെന്നായിരുന്നു നേരേത്ത ഉണ്ടായിരുന്ന നിബന്ധന. ഭാര്യയുടെ മാതാപിതാക്കൾക്കും ഇതേ നിബന്ധന ബാധകമായിരുന്നു.
ഇങ്ങനെ അധിക ഇൻഷുറൻസ് എടുക്കുന്നതിന് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 160 മുതൽ 250 ദീനാർവരെ വാർഷിക പ്രീമിയം ഈടാക്കിയിരുന്നു. 2017 മുതൽ നിലവിലുള്ള ഈ നിബന്ധനയാണ് താമസകാര്യ വകുപ്പ് പിൻവലിച്ചത്. പുതിയ വിജ്ഞാപനമനുസരിച്ച് ഇത്തരക്കാരുടെ ഇഖാമ പുതുക്കുന്നതിന് ഒരു വർഷത്തേക്ക് ആരോഗ്യമന്ത്രാലയത്തിൽനിന്നുള്ള 50 ദീനാറിെൻറ ആരോഗ്യ ഇൻഷുറൻസും സ്റ്റാമ്പിങ് ഫീസായി 200 ദീനാറും നൽകിയാൽ മതിയാകും. അധിക ഇൻഷുറൻസ് നിബന്ധന പിൻവലിച്ചതായി കാണിച്ചുള്ള സർക്കുലർ എല്ലാ താമസകാര്യ ഓഫിസുകൾക്കും അയച്ചതായി അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു. അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷത്തിനിടെ അധിക ഇൻഷുറൻസ് അടക്കുകയും ചികിത്സസൗകര്യം ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്ത വിദേശികൾക്ക് കോടതി മുഖേന റീഫണ്ടിന് അപേക്ഷിക്കാൻ സൗകര്യമുള്ളതായും താമസകാര്യ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
