തമ്പ് ലൈസൻസ്: അപേക്ഷക്കുമുമ്പ് സ്ഥലം സന്ദർശിക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല തമ്പുകൾ പണിയാൻ ലൈസൻസിന് അപേക്ഷിക്കുംമുമ്പ് ഉദ്ദേശിക്കുന്ന സ്ഥലം നേരിട്ട് പരിശോധിക്കണമെന്ന് മുനിസിപ്പാലിറ്റി അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫഹദ് ശതീൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തമ്പ് പണിയാൻ അനുമതിയുള്ള സ്ഥലങ്ങളെ സംബന്ധിച്ച് മുനിസിപ്പാലിറ്റി വെബ്സൈറ്റിൽ വിവരങ്ങളുണ്ട്. നേരേത്ത അനുവദിക്കപ്പെട്ട സ്ഥലങ്ങൾ വെബ്സൈറ്റിൽ പ്രത്യേകം കാണിച്ചിട്ടുണ്ട്. അതേസമയം, അനധികൃതമായി ധാരാളം പേർ തമ്പ് പണിതതായും വിവരങ്ങളുണ്ട്. അതുകൊണ്ട് ഉദ്ദേശിക്കുന്ന സ്ഥലം നേരിട്ടു കണ്ടശേഷം അപേക്ഷിക്കുകയാവും ഉത്തമം. അനധികൃത തമ്പുകൾ വെബ്സൈറ്റിൽ കാണില്ല. അതുകൊണ്ട് ബന്ധപ്പെട്ട സ്ഥലത്തു ചെന്ന് രജിസ്റ്റർ ചെയ്യലാണ് നല്ലതെന്ന് ഫഹദ് ശതീൽ പറഞ്ഞു. പരിസ്ഥിതി നിയമലംഘനം നടത്തി നിർമിച്ച ക്യാമ്പുകൾ മാത്രമാണ് അധികൃതർ നീക്കുന്നത്.
അനുവദിക്കപ്പെട്ട സ്ഥലത്ത് ലൈസൻസില്ലാതെ പണിത തമ്പുകൾ പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നതല്ലെങ്കിൽ പിഴയീടാക്കി ലൈസൻസ് എടുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അനധികൃത ക്യാമ്പുകൾക്ക് ഇതുവരെ 1000 മുന്നറിയിപ്പ് നോട്ടിസ് നൽകി. ശീതകാലത്തിന് മുന്നോടിയായി രാജ്യത്ത് അനുഭവപ്പെട്ട കനത്തമഴയിൽ മരുപ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതും ഗൾഫ് യുദ്ധകാലത്ത് ഉപേക്ഷിക്കപ്പെട്ട കുഴിബോംബുകളുടെ സാന്നിധ്യം പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും ചൂണ്ടിക്കാട്ടി വൈകിയാണ് ഇത്തവണ തമ്പ് ലൈസൻസ് അനുവദിച്ചത്. സാധാരണ നവംബർ 15 മുതൽ അനുവദിക്കാറുണ്ടായിരുന്നത് ഇത്തവണ ഡിസംബർ 31 മുതലാണ് അനുവദിച്ചത്. ഇതുമൂലമുണ്ടായ അനിശ്ചിതത്വം കാരണമാണ് അനധികൃതതമ്പുകൾ പൊളിക്കാതെ പിഴയീടാക്കി ലൈസൻസ് എടുപ്പിക്കുന്നത്. രാജ്യത്തിെൻറ മൂന്നുദിക്കുകളിലായി 616 ചതുരശ്ര കിലോമീറ്റർ മരുപ്രദേശമാണ് തമ്പുകൾ പണിയാൻ മുനിസിപ്പാലിറ്റി നിർണയിച്ചത്. സൽമി, കബ്ദ്, റഹൽ എന്നിവിടങ്ങളിലായി പ്രത്യേക സുരക്ഷ ജീവനക്കാരെയും നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. www.baladia.gov.kw വഴി സ്വദേശികൾക്കും വിദേശികൾക്കും തമ്പ് ലൈസൻസിന് അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
