നീതിയുടെ കുഴമണ്ണിൽ ചാലിച്ച് സമി മുഹമ്മദിെൻറ ശിൽപങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കളിമൺ ശിൽപകലാരംഗത്ത് കൈയൊപ്പ് ചാർത്തി കുവൈത്ത് പൗരൻ സമി മുഹമ്മദ്. നീതി നിഷേധങ്ങൾക്കെതിരെയുള്ള മനുഷ്യെൻറ ആത്മരോദനങ്ങളായിരുന്നു സമിയുടെ പ്രശസ്തമായ ബോക്സ് സീരീസിെൻറ പ്രമേയം. ‘ബന്ധനം’ എന്ന പേരിൽ രൂപം നൽകിയ ശിൽപപരമ്പരകളും പാരതന്ത്ര്യത്തിെൻറ നെടുവീർപ്പുകളാണ് പങ്കുവെക്കുന്നത്. തുടക്കത്തിൽ ജീവൻ തുടിക്കുന്ന പ്രതിമകൾ തീർത്താണ് ഇദ്ദേഹം പേരെടുത്തത്. ഇബ്നു റുഷ്ദ്, ഖലീൽ ബിൻ അഹ്മദ് തുടങ്ങി അറേബ്യൻ വിപ്ലവനായകന്മാരുടെ പ്രതിമകളിൽനിന്ന് സബ്ര ശാത്തില്ല, കൈറോ കലാപം പോലുള്ള ബിംബ കൽപനകളിലേക്ക് മാറുന്ന ശിൽപിയെയാണ് പിന്നീട് ലോകം കണ്ടത്.
33 വർഷം മുമ്പ് ലബനാനിലെ സ്വബ്റയിലും ശാത്തീലയിലും അരങ്ങേറിയ കൂട്ടക്കൊലയെ പ്രമേയമാക്കി ഉണ്ടാക്കിയ ശിൽപങ്ങൾ കലാപത്തിെൻറ നേർക്കാഴ്ച പകരുന്നതാണ്. 1970ൽ സിന്തറ്റിക് മാർബിളിൽ കൊത്തിയെടുത്ത ‘വിശപ്പ്’ എന്ന ശിൽപം പട്ടിണി കൊണ്ട് എല്ലിച്ച അമ്മയുടെയും മകെൻറയും ആത്മ വിലാപത്തെയാണ് പ്രതിധ്വനിപ്പിക്കുന്നത്. പാരലിസിസ് ആൻഡ് റെസിസ്റ്റൻസ്, ദി പെനെട്രേഷൻ തുടങ്ങിയ സൃഷ്ടികളിലും അടിച്ചമർത്തപ്പെടലും പാരതന്ത്ര്യവും തന്നെ പ്രമേയമാകുന്നു. കലാപങ്ങൾ ബാക്കിവെക്കുന്നത് വേദനപ്പാടുകൾ മാത്രമാണ് എന്ന ചിന്ത സമിയുടെ മിക്ക നിർമിതികളും പങ്കുവെക്കുന്നുണ്ട്. ആക്രമണങ്ങളിൽ അംഗേഛദം സംഭവിച്ചവർ, പ്രജ്ഞയറ്റ മനുഷ്യരൂപങ്ങൾ, അതിജീവനത്തിനായി കേഴുന്നവർ, സ്വാതന്ത്ര്യത്തിനായി ചങ്ങല പൊട്ടിക്കുന്നവർ... ഇങ്ങനെ നീളുന്നു ശിൽപങ്ങളുടെ നിര.
ശിൽപങ്ങള് കൂടാതെ മനുഷ്യമനസ്സിെൻറ വ്യഥകളും വേവലാതികളും രേഖപ്പെടുത്തിയ നിരവധി പെയിൻറിങ്ങുകളും സമി മുഹമ്മദിേൻറതായുണ്ട്. 1984ല് കൈറോ അന്താരാഷ്ട്ര ബിനാലെയിലും 1988ലെ ജി.സി.സി ആർട്ട് ബിനാലെയിലും ഒന്നാം സ്ഥാനം സമിയുടെ ശിൽപങ്ങൾക്കായിരുന്നു. 2010ലെ അറബ് തോട്ട് ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്. അധിനിവേശവും വിമോചന സമരങ്ങളും നിറഞ്ഞാടുന്ന വർത്തമാന കാലത്ത് ഇൗ 75കാരെൻറ സർഗ സൃഷ്ടികൾക്ക് പ്രസക്തിയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
