എണ്ണ വില താഴേക്ക്; ഉൽപാദന നിയന്ത്രണം നീട്ടിയേക്കും
text_fieldsകുവൈത്ത് സിറ്റി: ക്രൂഡോയിൽ വില താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എണ്ണ ഉൽപാദന നിയന്ത്രണം നീട്ടിയേക്കും. എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് ഡിസംബർ ആറ്, ഏഴ് തീയതികളിൽ വിയനയിൽ നിർണായക യോഗം ചേരാനിരിക്കെ ഉൽപാദന നിയന്ത്രണം നീട്ടുമെന്ന സൂചനയാണ് ലഭിക്കുന്നത്. പെട്രോളിയം ഉൽപാദന നിയന്ത്രണം തുടരണമോ എന്ന കാര്യത്തിൽ രാജ്യങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമുള്ള സാഹചര്യത്തിൽ യോഗം നിർണായകമാവും. ഉൽപാദനം നിയന്ത്രിക്കണമെന്ന കാര്യത്തിൽ ഒപെക് രാജ്യങ്ങൾക്കിടയിൽ അനൗദ്യോഗികമായ പ്രാഥമിക ധാരണ രൂപപ്പെട്ടതായാണ് റോയിേട്ടഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ, എത്രത്തോളം കുറക്കണമെന്നത് ഡിസംബർ ആദ്യവാരത്തിലെ യോഗത്തിൽ തീരുമാനിക്കും. ബാരലിന് 82 ഡോളറിന് മുകളിൽ എത്തിയശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എണ്ണവില കുറയുന്ന പ്രവണതയാണുള്ളത്. കുവൈത്ത് ക്രൂഡോയിലിന് ബുധനാഴ്ച ബാരലിന് 61.93 ഡോളറാണ് രേഖപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ട് 2.46 ഡോളർ കുറഞ്ഞു. നിലവിലെ ധാരണ പ്രകാരം 2018 അവസാനം വരെയാണ് ഉൽപാദനം നിയന്ത്രിക്കുക. 2018 അവസാനത്തോടെ പെട്രോളിയം വിപണിയിൽ ലക്ഷ്യമിടുന്ന സന്തുലനം സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനം. 2017 ജനുവരിയിലാണ് ഉൽപാദനം കുറക്കാൻ ഒപെക് രാജ്യങ്ങളും നോൺ ഒപെക് രാജ്യങ്ങളും തീരുമാനമെടുത്തത്. അതിനുശേഷം തീരുമാനം കൃത്യമായി പാലിക്കുന്നതിനാൽ എണ്ണയുൽപാദനം 145 ശതമാനം കുറക്കാനായി.
ഇതിെൻറ പ്രതിഫലനം വിപണിയിലും കണ്ടു. മൂന്നുവർഷം കൊണ്ട് ബാരലിന് 58 ഡോളർ വരെ വില കൂട്ടുക ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള നേട്ടം കൈവരിക്കാൻ നിയന്ത്രണം കൊണ്ട് കഴിഞ്ഞു. ഒരു ഘട്ടത്തിൽ വില 82 ഡോളറും കവിഞ്ഞു. പിന്നീടാണ് ഇറക്കം തുടങ്ങിയത്. നിയന്ത്രണം നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്നാണ് ഇറാൻ ഉൾപ്പെടെ ചില രാജ്യങ്ങൾ വാദിക്കുന്നത്. എണ്ണ ഉൽപാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് തീരുമാനം പുനഃപരിശോധിക്കണമെന്ന് ചില രാജ്യങ്ങൾ ആവശ്യപ്പെടാൻ കാരണം. പടിപടിയായി നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതടക്കം വിവിധ സാധ്യതകൾ ഡിസംബറിലെ യോഗം പരിഗണിച്ചേക്കും. വിപണി നിയന്ത്രിക്കുന്നതിന് ദീർഘകാല മെക്കാനിസം ആലോചിക്കുന്നതും യോഗത്തിെൻറ അജണ്ടയാണ്. റഷ്യയുടെ നേതൃത്വത്തിലുള്ള നോൺ ഒപെക് കൂട്ടായ്മയുടെ നിലപാടും നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
