വെള്ളപ്പൊക്കം; നിരവധി കുഴിബോംബുകൾ കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിനുശേഷം മരുഭൂമിയിൽനിന്ന് അധിനിവേശ കാലത്ത് ഇറാഖ് സൈന്യം പാകിയതാണെന്ന് കരുതുന്ന നിരവധി കുഴിബോംബുകൾ കണ്ടെത്തി. വെള്ളം കുത്തിയൊലിച്ചപ്പോൾ മണ്ണൊലിച്ച് പുറത്തേക്ക് വന്നതാണിത്. വിവിധ സ്ഥലങ്ങളിൽ കുഴിബോംബ് കണ്ടെത്തിയവർ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും അധികൃതർ ഇവ നിർവീര്യമാക്കുകയുമായിരുന്നു. 20 കേസുകളാണ് ഇങ്ങനെ ലഭിച്ചത്. ജഹ്റ ഗവർണറേറ്റിൽ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 48 കുഴിബോംബുകളാണ് അധികൃതർ നിർവീര്യമാക്കിയത്. സംശയസാഹചര്യത്തിലുള്ള അപരിചിത വസ്തുക്കൾ തൊടരുതെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. എന്തെങ്കിലും സംശയിക്കത്തക്ക സാധനങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്വയംകൈകാര്യം ചെയ്യാതെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ അറിയിക്കണം. അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യവ്യാപകമായി കുഴിബോംബുകൾ പാകിയിരുന്നു. നേരേത്ത പല ഭാഗങ്ങളിൽനിന്നും ഇവ കണ്ടെടുത്തിരുന്നു. കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളിൽ ആട്ടിടയന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
