ഇന്ത്യൻ എൻജിനീയർമാർ ഒാൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് എംബസി
text_fieldsകുവൈത്ത് സിറ്റി: എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്തതിെൻറ പേരിൽ വിസ പുതുക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന ഇന്ത്യൻ എൻജിനീയർമാരോട് ഒാൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. www.indembkwt.gov.in/engineer.aspx എന്ന ലിങ്കിൽ നവംബർ 30നകം രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ഓരോ കേസിെൻറയും സ്വഭാവമനുസരിച്ച് കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തുന്നതിനാണിത്.
എൻജിനീയർമാരുടെ വിസ പുതുക്കാൻ കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയുടെ അനുമതിപ്പത്രം വേണമെന്ന് ആറുമാസം മുമ്പ് മാൻപവർ അതോറിറ്റി പുതിയ നിബന്ധന വെച്ചതാണ് പ്രതിസന്ധിക്ക് കാരണം. എൻജിനീയറിങ് ബിരുദം നേടിയ കോളജിെൻറ അംഗീകാരവും ഗ്രേഡും ഉൾപ്പെടെ പരിഗണിച്ച് മാത്രമാണ് എൻജിനീയേഴ്സ് സൊസൈറ്റി എൻ.ഒ.സി നൽകുന്നത്. ഇന്ത്യയിൽ നാഷനൽ ബോർഡ് ഒാഫ് അക്രഡിറ്റേഷൻ അടിസ്ഥാനമാക്കിയാണ് എൻ.ഒ.സി നൽകുന്നത്. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്തവയും അതേസമയം യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയുടെ അംഗീകാരവുമുള്ള സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയവരുമായ എൻജിനീയർമാരാണ് പ്രതിസന്ധിയിലായത്.
കഴിഞ്ഞമാസം കുവൈത്ത് സന്ദർശിച്ച വിദേശകാര്യ മന്ത്രി സുഷമസ്വരാജ് വിഷയം കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. മന്ത്രിയുടെ കൂടെ വന്ന വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ്വിഭാഗം മേധാവി ഡോ. നാഗേന്ദ്ര പ്രസാദ് കുവൈത്തിൽ തങ്ങി തുടർനടപടികൾക്ക് മേൽനോട്ടം വഹിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. എൻജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ബഹളമുണ്ടായി. വിസ പുതുക്കൽ അനിശ്ചിതത്വത്തിലായ ആയിരക്കണക്കിന് ഇന്ത്യൻ എൻജിനീയർമാർ വലിയ നിരാശയിലാണുള്ളത്. 2010ൽ മാത്രമാണ് എൻ.ബി.എ അക്രഡിറ്റേഷൻ സംവിധാനം നിലവിൽ വന്നത്. പേരുകേട്ട പല കോളജുകളും എൻ.ബി.എ ലിസ്റ്റിലില്ല. എ.െഎ.സി.ടി.ഇ അംഗീകാരം മാനദണ്ഡമാക്കണമെന്നാണ് ഇന്ത്യൻ എൻജിനീയർമാരുടെ ആവശ്യം. കേരളത്തിൽനിന്ന് 18 കോളജുകൾ മാത്രമാണ് എൻ.ബി.എ ലിസ്റ്റിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
