മഹ്ബൂലയിൽ ഫിലിപ്പീൻസ് യുവതി ബലാത്സംഗത്തിനിരയായി
text_fieldsമഹ്ബൂല: മഹ്ബൂലയിൽ ഫിലിപ്പീൻസ് യുവതി ബലാത്സംഗത്തിനിരയായതായി പരാതി. സ്വദേശിയെന്നു സംശയിക്കുന്നയാൾ വീട്ടിലെത്തി കത്തി ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. രണ്ടു മണിക്കൂറോളം ക്രൂര പീഡനത്തിനിരയായ 33കാരി അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. കുറ്റാന്വേഷണ വിഭാഗം സ്ഥലത്തെത്തി വിരലടയാളവും മറ്റു തെളിവുകളും ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തേ ഫിലിപ്പീൻസ് തൊഴിലാളികൾ കുവൈത്തിൽ പീഡനത്തിനിരയാവുന്നതായ പരാതികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്ന രീതിയിലേക്ക് എത്തിയിരുന്നു.
മുഴുവൻ പേരോടും കുവൈത്ത് വിടാൻ ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതെർത് ആവശ്യപ്പെടുന്ന സ്ഥിതിയിലേക്ക് വളർന്ന വിഷയം ഏറെ ചർച്ചകൾക്കൊടുവിലാണ് തണുപ്പിച്ചത്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയ തൊഴിൽ കരാർ ഒപ്പിട്ടതിനുശേഷമാണ് ഫിലിപ്പീൻസിൽനിന്ന് റിക്രൂട്ട്മെൻറ് പുനരാരംഭിച്ചത്. എട്ടുമണിക്കൂർ വിശ്രമം അനുവദിക്കണം, പാസ്പോർട്ട് സ്പോൺസർ പിടിച്ചുവെക്കരുത്, ഒരു സ്പോൺസർക്ക് കീഴിൽ മാത്രം തൊഴിലെടുപ്പിക്കാൻ പാടുള്ളൂ തുടങ്ങി ഫിലിപ്പീൻസ് മുന്നോട്ടുവെച്ച മിക്ക വ്യവസ്ഥകളും കുവൈത്ത് അംഗീകരിച്ചിരുന്നു. തൊഴിലാളിക്കെതിരായ അതിക്രമം ആവർത്തിച്ചത് വീണ്ടും നയതന്ത്രപ്രശ്നമായി വളരുമോ എന്നാണ് ഉറ്റുനോക്കുന്നത്. വിഷയത്തിൽ ഫിലിപ്പീൻസ് അധികൃതരുടെ പ്രതികരണം വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
