20 വർഷത്തിനിടയിൽ സ്വദേശികൾക്ക് ആവശ്യമായിവരുക രണ്ടര ലക്ഷം തസ്തികകൾ
text_fieldsകുവൈത്ത് സിറ്റി: അടുത്ത 20 വർഷത്തിനിടയിൽ കുവൈത്തിലെ ജനസഖ്യയിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും അതിനനുസരിച്ച് സ്വദേശികൾക്ക് രണ്ടര ലക്ഷം തൊഴിൽ തസ്തികകൾ വേണ്ടിവരുമെന്നും അധികൃതർ. മോഡിസ് എന്ന ഏജൻസി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്.
സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയായിരിക്കും രാജ്യത്തിന് ഭാവിയിൽ മറികടക്കേണ്ട സാമൂഹികവും സാമ്പത്തികവുമായ വൻ വെല്ലുവിളി. മൊത്തം താമസക്കാരിൽ സ്വദേശികളുടെ തോത് 31 ശതമാനത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. ഖത്തറിൽ സ്വദേശികളുടെ എണ്ണം 12 ശതമാനവും യു.എ.ഇയിൽ 11 ശതമാനവും മാത്രം വർധിച്ചുകൊണ്ടിരിക്കുമ്പോഴാണിത്.
നിലവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയുടെ തോത് 6.4 ശതമാനമാണ്. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ഭാഗമായി സർക്കാർ-സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കിയ സന്ദർഭത്തിലാണ് ഇത്രയും പേർ തൊഴിൽരഹിതരായി തുടരുന്നത്. കാര്യങ്ങൾ ഈ രീതിയിൽ പോവുകയാണെങ്കിൽ അടുത്ത വർഷമാവുമ്പോഴേക്ക് തൊഴിലില്ലായ്മ ഒമ്പതു ശതമാനമായി ഉയരും.
അതേസമയം, ദ്വീപുകളുടെ വികസനമുൾപ്പെടെ വൻകിട വികസന പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ രണ്ടുലക്ഷം പുതിയ തസ്തികകൾ ഉണ്ടാകുമെന്ന പ്രതീക്ഷയാണുളളത്. അങ്ങനെയാണെങ്കിൽ അത്തരം തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തി തൊഴിലില്ലായ്മ മറികടക്കാൻ മുൻകൂട്ടി പദ്ധതികൾ തയാറാക്കണം. അതോടൊപ്പം, സർക്കാർ-സ്വകാര്യ മേഖലകളിൽനിന്ന് വിദേശികളെ പരമാവധി ഒഴിവാക്കിക്കൊണ്ടായിരിക്കും സാഹചര്യം മറികടക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
