ബാലികയുടെ മരണം: മരുന്ന് മാറിനൽകിയതെന്ന്
text_fieldsകുവൈത്ത് സിറ്റി: ചികിത്സയിൽ വന്ന പിഴവിനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ ഡോക്ടറെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ ഉത്തരവ്. ഡോക്ടർ മരുന്ന് മാറിനൽകിയതാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ദിവസങ്ങൾ നീണ്ട തെളിവെടുപ്പിനുശേഷം മെഡിക്കൽ സമിതി കണ്ടെത്തി. ഇതേത്തുടർന്നാണ് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അസ്സബാഹ് ഡോക്ടറെ സർവിസിൽനിന്ന് പിരിച്ചുവിടാനും കേസ് നടപടികൾ തുടരാനും പ്രത്യേക ഉത്തരവിറക്കിയത്. കോടതി നടപടികൾ അവസാനിക്കുന്നതുവരെ ഡോക്ടർ രാജ്യംവിടാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് കാപിറ്റൽ ഗവർണറേറ്റിലെ മെഡിക്കൽ സെൻററിലാണ് കേസിനാസ്പദമായ സംഭവം.
അസുഖത്തെ തുടർന്ന് സെൻററിൽ പ്രവേശിപ്പിക്കപ്പെട്ട സ്വദേശി ബാലികയാണ് വിദേശിയായ ഡോക്ടറുടെ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവം വിവാദമായതിനെ തുടർന്നാണ് അന്വേഷത്തിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നത്. അതിനിടെ, ഉയർന്ന മെഡിക്കൽ യോഗ്യതകളുള്ളവർ മാത്രമേ ആരോഗ്യ മേഖലകളിൽ നിയമിക്കപ്പെടുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷക്ക് പ്രധാന പരിഗണനയാണ് മന്ത്രാലയം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
