ഹ്രസ്വം, ഹൃദ്യം സൗദി രാജകുമാരെൻറ കുവൈത്ത് സന്ദർശനം
text_fieldsകുവൈത്ത് സിറ്റി: ഹ്രസ്വമെങ്കിലും സൗഹൃദത്തിെൻറ ഇഴയടുപ്പം കൊണ്ട് ഹൃദ്യമായിരുന്നു സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ സൽമാെൻറ കുവൈത്ത് സന്ദർശനം. ഞായറാഴ്ച രാത്രി 8.40ന് കുവൈത്തിലെത്തിയ അദ്ദേഹം കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം, പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയശേഷം ഞായറാഴ്ച രാത്രി തന്നെ മടങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലെയും അന്തർദേശീയ തലത്തിലെയും സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം അജണ്ടയാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണം ഒന്നുമുണ്ടായില്ല. കുവൈത്തും സൗദിയും അതിർത്തിപ്രദേശത്ത് സംയുക്തമായി നടത്തിയിരുന്ന എണ്ണ ഖനനം നിർത്തിവെച്ചത് പുനരാരംഭിക്കുന്നത് സംബന്ധിച്ച് രാഷ്ട്ര നേതാക്കൾ ചർച്ചചെയ്തു. എന്നാൽ, ഇതുസംബന്ധിച്ചും പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. സൗദി ഉൗർജമന്ത്രി ഖാലിദ് അൽ ഫാലിഹും മുഹമ്മദ് ബിൻ സൽമാനോടൊപ്പമുണ്ടായിരുന്നു. പരിസ്ഥിതിപ്രശ്നങ്ങൾ കാരണം ഖഫ്ജിയിലെ സംയുക്ത ഖനനം 2014 ഒക്ടോബറിലും പ്രവർത്തന ബുദ്ധിമുട്ട് കാരണം വഫ്രയിലേത് 2015 മേയിലുമാണ് നിർത്തിവെച്ചത്. സംയുക്ത മേഖലയിലെ ഖനനം പുനരാരംഭിച്ചാൽ ഇരുരാജ്യങ്ങൾക്കും പ്രതിദിനം അഞ്ചുലക്ഷം ബാരൽ ഉൽപാദനശേഷി അധികം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
