മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കുന്നു; ചെറുകിട വ്യാപാരികൾക്ക് ആശങ്ക
text_fieldsകുവൈത്ത് സിറ്റി: കേടായ ഭക്ഷണസാധനങ്ങൾ വിൽക്കുന്നത് തടയാനും വഴിക്കച്ചവടക്കാരെ പിടികൂടാനും അനധികൃത പരസ്യബോർഡുകൾ കണ്ടെത്താനുമായി മുനിസിപ്പൽ അധികൃതർ പരിശോധന ശക്തമാക്കി. കുവൈത്തിലെ മുബാറക് അൽ കബീർ, കാപിറ്റൽ, ഫർവാനിയ, ഹവല്ലി, ജഹ്റ, അഹ്മദി എന്നീ ആറു ഗവർണറേറ്റുകളിലും ശക്തമായ പരിശോധനക്ക് മുനിസിപ്പൽ അധികൃതർ പദ്ധതി തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞമാസങ്ങളിൽ വ്യാപക പരിശോധന നടന്നു. ജൂലൈയിൽ ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി കടുപ്പിച്ചത്.
കുവൈത്തിൽ വഴിവാണിഭക്കാരുടെ ആധിക്യം പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നതും ജലീബിൽ മുനിസിപ്പൽ പരിശോധക സംഘത്തിന് നേരെ വിദേശ വഴിവാണിഭക്കാരുടെ കൈയേറ്റമുണ്ടായതും നടപടിക്ക് ആക്കം കൂട്ടി. നേരത്തെ അവഗണിച്ചിരുന്ന ചെറിയ നിയമലംഘനങ്ങൾക്ക് വരെ ഇപ്പോൾ നടപടിയെടുക്കുന്നുണ്ട്. സാൻഡ് വിച്ച് കടകളിൽ അനുമതിയില്ലാതെ ബിരിയാണിയും മറ്റും വിൽക്കുന്നതിന് 100 ദീനാർ പിഴ ചുമത്തുന്നുണ്ട്. കടകളുടെ പുറത്ത് വരാന്തയിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും സമാനമായ പിഴ ഇൗടാക്കുന്നു. വനിതകൾ ഉൾപ്പെടെ മുനിസിപ്പിൽ ജീവനക്കാരാണ് കൂട്ടപ്പരിശോധനക്ക് ഇറങ്ങുന്നത്. വരുംദിവസങ്ങളിലും റെയ്ഡ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന.
രാജ്യത്ത് പ്രവർത്തിക്കുന്ന വൃത്തിയില്ലാത്ത റസ്റ്റാറൻറുകളോട് ദയയുണ്ടാവില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷണസാധനങ്ങൾ അനാരോഗ്യകരമായ രീതിയിൽ സൂക്ഷിച്ചുവെക്കുന്നതും പൊതുസ്ഥലം കൈയേറി കടകൾ പുറത്തേക്ക് നീട്ടുന്നതും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും കച്ചവടസ്ഥാപനങ്ങളിൽ നിയമവിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾ കണ്ടാൽ സ്വദേശികളും വിദേശികളും 139 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് മുനിസിപ്പാലിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. അനുമതി പത്രം കരസ്ഥമാക്കാതെ സ്ഥാപനത്തിെൻറയോ പരിപാടികളുടെയോ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ 100 മുതൽ 300 ദീനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
