സുരക്ഷാ കൗൺസിലിൽ സ്ഥിരം അറബ് പ്രാതിനിധ്യം വേണം –കുവൈത്ത്
text_fieldsയമെൻറ ആഭ്യന്തരകാര്യങ്ങളിൽ ബാഹ്യശക്തികൾ ഇടപെടുന്നതിനെ അംഗീകരിക്കുന്നില്ല
കുവൈത്ത് സിറ്റി: യു.എൻ സുരക്ഷാ കൗൺസിലിൽ അറബ് മേഖലക്ക് സ്ഥിരം പ്രാതിനിധ്യം വേണമെന്ന് കുവൈത്ത്. കഴിഞ്ഞദിവസം ന്യൂയോർക്കിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ 73ാമത് പൊതുസമ്മേളനത്തിൽ സംസാരിക്കവെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധാനംചെയ്താണ് പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്തത്. സങ്കീർണമായ പ്രശ്നങ്ങൾ കൂടുതലുള്ള മേഖലയെന്ന നിലക്ക് ഈ ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറിയൻ വിഷയത്തിൽ കുവൈത്ത് നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. സൈനിക പരിഹാരത്തിന് പകരം രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ചർച്ചയിലൂടെ സമവായം കണ്ടെത്തണമെന്നതാണ് കുവൈത്തിെൻറ ഉറച്ച നിലപാട്. യു.എന്നിെൻറ 2254ാം നമ്പർ പ്രമേയത്തിെൻറ അടിസ്ഥാനത്തിൽ സിറിയയിൽ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള നടപടി ഉൗർജിതമാക്കുകയാണ് വേണ്ടത്. യമൻ വിഷയത്തിലും കുവൈത്തിന് ഇതേ നിലപാട് തന്നെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെയാണ് യമനിൽ കുവൈത്ത് ബഹുമാനിക്കുന്നതും പിന്തുണക്കുന്നതും. യമെൻറ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ ശക്തികൾ ഇടപെടുന്നതിനെ അംഗീകരിക്കുന്നില്ല.
പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളെ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഒന്നിച്ചിരുത്തി യമനിൽ രാഷ്ട്രീയ പരിഹാരം സാധ്യമാക്കുകയാണ് വേണ്ടത്. ജി.സി.സിയുൾപ്പെടെ മേഖലയിലെ രാജ്യങ്ങളുടെ വിശ്വാസം ആർജിക്കുന്നതിനാണ് ഇറാൻ പരിശ്രമിക്കേണ്ടത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെയും പരസ്പരം ബഹുമാനിച്ചും സഹകരിച്ചും മുന്നോട്ടുപോവുകയും ചെയ്താലേ ഇറാന് ഇത് നേടിയെടുക്കാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
