സ്വകാര്യമേഖലയിൽനിന്ന് സർക്കാറിലേക്ക് ഇഖാമ മാറ്റുന്നത് നിർത്തിവെച്ചു
text_fieldsകുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണവും തൊഴിൽ വിപണിയിൽ വ്യാപക ക്രമീകരണവും വരുത്തുന്നതിെൻറ ഭാഗമായി സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്ന വിദേശികളുടെ ഇഖാമ ഗവൺമെൻറ് സെക്ടറുകളിലേക്ക് മാറ്റുന്നത് നിർത്തിവെച്ചതായി റിപ്പോർട്ട്. ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സിവിൽ സർവിസ് കമീഷനിൽനിന്ന് നേരേത്ത അനുമതി കരസ്ഥമാക്കിയവരെ നിബന്ധനകളോടെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും വാർത്തയുണ്ട്. വിസ മാറ്റത്തിന് അനുമതിതേടി മാൻ പവർ അതോറിറ്റിക്ക് നൽകുന്ന കത്തിെൻറ കൂടെ സിവിൽ സർവിസ് കമീഷൻ നൽകുന്ന അനുമതിപത്രമടക്കം സമർപ്പിച്ചാൽ മാത്രമേ അതോറിറ്റി വിഷയം പരിഗണിക്കൂ.
നേരേത്ത സ്വകാര്യ മേഖലയിൽനിന്ന് സർക്കാറിലേക്ക് ഇഖാമ മാറ്റണമെങ്കിൽ ഈ നിബന്ധനയുണ്ടായിരുന്നില്ല. സർക്കാർ ഡിപ്പാർട്മെൻറുകളിലെ മേധാവികൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഇഖാമ മാറ്റം സാധ്യമായിരുന്നു. അതിനിടെ, തൊഴിൽവിപണി ക്രമീകരണവുമായി ബന്ധപ്പെട്ട് ഇതുവരെ കൈക്കൊണ്ട തീരുമാനങ്ങൾക്ക് നല്ല ഫലം കണ്ടുതുടങ്ങിയതായി അധികൃതർ പറഞ്ഞു. സർക്കാറിനു കീഴിലെ 48 ഡിപ്പാർട്മെൻറുകളിലും സ്ഥാപനങ്ങളിലുമായി ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം വെറും 41000 മാത്രമായി കുറക്കാൻ സാധിച്ചു. ഇതിൽ 25000 അധ്യാപകരും 16000 ഓഫിസ് ബോയികളുമാണ്. ഖബർ കുഴിക്കുന്നവർ, ടൈപ്പിസ്റ്റുകൾ തുടങ്ങിയ തസ്തികകളിലും വിദേശികളുണ്ടെന്ന് അധികൃതർ പറഞ്ഞു. അതേസമയം, പുതിയ ഉത്തരവ് ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് സർക്കാറിലേക്ക് ഇഖാമ മാറ്റാമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
