അമീറിനെതിരായ പരാമർശം കടുത്ത വിമർശനവുമായി കുവൈത്തും ലബനാനും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെതിരെ ലബനീസ് ചാനൽ നടത്തിയ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ഇരു രാജ്യങ്ങളും. ഒരു ലബനീസ് ചാനലിൽ നടന്ന ചർച്ചയിൽ അമീറിനെതിരെ തെറ്റായ പരാമർശം നടത്തിയവർക്കെതിരെ കർക്കശ നടപടി കൈക്കൊള്ളുമെന്ന് ലബനീസ് ഭരണകൂടം വ്യക്തമാക്കി. ഹിസ്ബുല്ലയെ പിന്തുണക്കുന്ന അൽ മനാർ ചാനലിലെ പരാമർശങ്ങൾ മാനനഷ്ടമുണ്ടാക്കുന്നതും അപകീർത്തിപരവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതകളെ തെറ്റായി കാണിക്കുന്നതുമാണെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അമീർ ശൈഖ് സബാഹും അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയെകുറിച്ചാണ് തീർത്തും തെറ്റായ പരാമർശം ലബനീസ് ചാനലിൽ വന്നത്.
സംഭവത്തിൽ ലബനീസ് പ്രധാനമന്ത്രി സഅദ് അൽ ഹരീരി ശക്തമായ നിലപാടുമായി രംഗത്തെത്തി. കുവൈത്തിനോട് ഏറെ ആദരവും ബഹുമാനവുമുള്ളതാണ് ലബനാനെന്നും ഒരു ലബനീസ് മാധ്യമം അമീറിനെതിരെ നടത്തിയ പരാമർശം തീർത്തും തെറ്റാണെന്നും ഹരീരി വ്യക്തമാക്കി. ലബനനിലെ കുവൈത്ത് അംബാസഡർ അബ്ദുല്ല അൽ ഖിനായിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രിയുടെ ഒാഫിസ് പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ലബനീസ് നീതിന്യായ സംവിധാനം സംഭവം അന്വേഷിക്കുന്നുണ്ട്. വിഷയത്തിൽ ഉടൻ ഉത്തരവുണ്ടാകും. അമീറിനെതിരെ പരാമർശം നടത്തിയ വ്യക്തിക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. അറബ്-അന്തർദേശീയ തലങ്ങളിൽ പ്രമുഖ വ്യക്തിത്വമായ അമീർ ശൈഖ് സബാഹ് എല്ലാ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും മുകളിലാണെന്ന് അംബാസഡർ അബ്ദുൽ അൽ ക്വിനായി പറഞ്ഞു.
ഒരു ചാനൽ ഇത്തരത്തിൽ തെറ്റായ പരാമർശം നടത്താൻ അവസരം കൊടുത്തതിനെതിരെ ശക്തമായി രംഗത്തെത്തിയ ലബനീസ് മാധ്യമങ്ങൾക്ക് അംബാസഡർ നന്ദി അറിയിച്ചു. ലബനീസ് ജനതയും കുവൈത്തി സമൂഹവും തമ്മിലെ സാഹോദര്യമാണ് ഇൗ പ്രവൃത്തിയിലൂടെ പ്രതിഫലിച്ചത്. ഇൗ വിഷയം കുവൈത്തും ലബനനും തമ്മിലെ ശക്തമായ ബന്ധത്തെ ബാധിക്കില്ലെന്നും അംബാസഡർ പറഞ്ഞു. അതേസമയം, ലബനീസ് സെൻട്രൽ േപ്രാസിക്യൂട്ടർ ജഡ്ജി സാമിർ ഹമ്മൂദ് വിവാദ പരിപാടിയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സെൻട്രൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
