കുവൈത്തിൽ കൊറോണയും കോളറയുമില്ലെന്ന് ആരോഗ്യമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മാരകമായ കൊറോണയും കോളറയുമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, കുവൈത്തിൽനിന്ന് ദക്ഷിണകൊറിയയിലെത്തിയ 61കാരന് അസുഖം അവിടെ എത്തിയശേഷമാണ് കൊറോണയെന്ന് സ്ഥിരീകരിക്കാനായത്. അതിനുശേഷം കൊറിയക്കാരനുമായി ഇടപഴകിയ നിരവധിപേരെ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. എന്നാൽ, അവരിലാരിലും കൊറോണ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദയാണ് ഇക്കാര്യം അറിയിച്ചത്.
കുവൈത്തിൽനിന്നെത്തിയ ഒരാളിൽ കൊറോണ കണ്ടെത്തിയതായി കൊറിയൻ ആരോഗ്യമന്ത്രാലയം വാർത്ത പുറത്തുവിട്ട ഉടൻ എല്ലാ നടപടികളും കുവൈത്ത് ആരോഗ്യമന്ത്രാലയം കൈക്കൊണ്ടിട്ടുണ്ട്. കൊറിയക്കാരൻ താമസിച്ചിരുന്ന ഇടങ്ങൾ കണ്ടെത്തി അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്ന എല്ലാവരെയും നിരീക്ഷണത്തിൽ കൊണ്ടുവരുകയാണ് ആദ്യം ചെയ്തത്. ഇടപെട്ടവരെ കൂടാതെ ഇടപെട്ടവരുമായി ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തിയാണ് കൊറോണ പരിശോധന പൂർത്തിയാക്കിയത്. അതോടൊപ്പം, മതിയായ മുൻകരുതലെടുക്കാൻ എല്ലാ ഗവർണറേറ്റുകളിലെയും ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പരിശോധന ഫലങ്ങളെല്ലാം അനുകൂലമായ സ്ഥിതിക്ക് ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ, അയൽരാജ്യമായ ഇറാഖിൽ കോളറ സ്ഥിരീകരിക്കപ്പെട്ടെങ്കിലും കുവൈത്തിൽ ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയത്തിലെ പൊതുജനാരോഗ്യകാര്യ അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താൻ പറഞ്ഞു. ഇറാഖിൽനിന്ന് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശം നൽകി. കോളറ, കൊറോണയുൾപ്പെടെ മാരകമായ പകർച്ച വ്യാധികൾ പടരാതിരിക്കാനുള്ള എല്ലാ നടപടികളും ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം കൈക്കൊണ്ടിട്ടുണ്ടെന്നും മാജിദ അൽ ഖത്താൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
