കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്; 18 മുതൽ സമയത്തിൽ മാറ്റം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനും -കോഴിക്കോടിനും ഇടയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് സമയത്തിൽ മാറ്റം. ഈ മാസം 18 മുതൽ മാർച്ച് 18 വരെ വിമാനം നേരത്തേ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ചില ഷെഡ്യൂളുകളിൽ രണ്ടു മണിക്കൂറോളം മാറ്റമുണ്ട്.
കോഴിക്കോടുനിന്ന് രാവിലെ 9.50, 8.10 എന്നീ സമയങ്ങളിൽ പുറപ്പെട്ടിരുന്ന വിമാനം ഈ മാസം 18 മുതൽ രാവിലെ 7.40ന് പുറപ്പെടും. ഇതോടെ മുൻ സമയക്രമത്തിൽനിന്നും രണ്ടു മണിക്കൂറോളം നേരത്തേ വിമാനം കുവൈത്തിൽ എത്തും. കുവൈത്തിൽനിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ടിരുന്ന വിമാനം 18 മുതൽ രാവിലെ 11.20നാകും പുറപ്പെടുക. ആറു മണിയോടെ കോഴിക്കോട്ടെത്തും. ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സമയമാറ്റം സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് അറിയിപ്പ് നൽകി. ലഭ്യമല്ലാത്തവർ ടിക്കറ്റെടുത്ത ഏജൻസിയുമായി ബന്ധപ്പെട്ട് യാത്രാസമയം ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽ കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് ജനുവരി 15 മുതൽ നേരത്തെ ആക്കിയിരുന്നു.
ആഴ്ചയിൽ മൂന്നു ദിവസം രാവിലെ 10ന് പുറപ്പെടുന്ന കുവൈത്ത് എക്സ്പ്രസിന്റെ സമയം 9.50 ആക്കിയാണ് പുനഃക്രമീകരിച്ചത്. ഈ മാസം 18 മുതൽ ഇത് 7.40 ആകും.
റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ വിമാന സർവിസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കോഴിക്കോട്ടുനിന്ന് രാവിലെ നിരവധി വിമാനങ്ങൾ പുറപ്പെടുന്നുണ്ട്. അതേസമയം, എമിഗ്രേഷൻ വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് നടപടികൾ വൈകിപ്പിക്കുന്നതായി ആരോപണമുണ്ട്. രാവിലെ 10നകം വിമാനങ്ങൾക്ക് പുറപ്പെടാനായില്ലെങ്കിൽ വൈകീട്ട് ആറിനു ശേഷമേ യാത്ര ആരംഭിക്കാനാകൂ. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നാണ് സൂചന.
വിമാനം പുറപ്പെടുന്ന സമയം നേരത്തേ ആക്കിയത് പ്രവാസികൾക്ക് ഗുണകരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ, തുടർച്ചയായ വിമാനം വൈകലും റദ്ദാക്കലുമാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണ് പ്രവാസികളുടെ ആവശ്യം. വെള്ളിയാഴ്ച കണ്ണൂരിലേക്കും തിങ്കളാഴ്ച കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി.
അതിനിടെ, യു.എ.ഇയിൽനിന്ന് കോഴിക്കോട്ടേക്കുള്ള നാല് എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് അവസാനിപ്പിച്ചു. മാർച്ച് 27 മുതൽ ഈ സർവിസുകളുടെ ബുക്കിങ് സ്വീകരിക്കില്ലെന്നാണ് അറിയിപ്പ്. ഈ സർവിസുകൾ പൂർണമായും നിർത്തുന്നതിന്റെ ഭാഗമായാണോ ബുക്കിങ് അവസാനിപ്പിക്കുന്നതെന്നു സംശയമുണ്ട്.
പ്രവാസികൾ ഏറെ ആശ്രയിക്കുന്നവയാണ് എയർ ഇന്ത്യ വിമാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

