അക്ഷര വായനശാലക്ക് കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ പുസ്തകങ്ങൾ നൽകി
text_fieldsഅക്ഷര വായനശാലക്ക് കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ പുസ്തകങ്ങൾ നൽകുന്നു
കുവൈത്ത് സിറ്റി: എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അക്ഷര വായനശാല നടേരിക്ക് കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ 100 പുസ്തകങ്ങൾ നൽകി. കുവൈത്ത് പ്രവാസിയും എഴുത്തുകാരനുമായ നജീബ് മൂടാടി സിനിമ ഗാനരചയിതാവ് നിതീഷ് നടേരിക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.
അക്ഷര വായനശാലയിൽ നടന്ന പരിപാടിയിൽ വിജിലേഷ് അധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരനും ഡി.സി ബുക്സ് അവാർഡ് ജേതാവുമായ റിഹാൻ റാഷിദ് തെൻറ പുതിയ പുസ്തകമായ 'ഡോൾസ്' പരിപാടിയിൽ നജ്മു നടേരിക്ക് കൈമാറി.
ജാതി, മത, വർഗ, വര്ണ, ലിംഗ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവര്ക്കും കടന്നുചെല്ലാവുന്ന ഒരു പൊതു മതേതര ഇടമാണ് വായനശാലകളെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരെൻറയും കടമയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ കുവൈത്ത് കൊയിലാണ്ടി കൂട്ടായ്മ ചെയർമാൻ ഷാഹുൽ ബേപ്പൂർ അഭിപ്രായപ്പെട്ടു.
വിരൽതുമ്പിൽ വിസ്മയം തീർക്കുന്ന ഈ ഐ.ടി യുഗത്തിലും നമ്മുടെ ഗ്രാമങ്ങളിൽ വായനശാലകൾക്ക് പ്രാധാന്യം നൽകുന്നവരുണ്ട് എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇല്യാസ് ബഹസ്സൻ, സുശാന്ത്, ജഗത് ജ്യോതി, ജിനീഷ് നാരായണൻ, ഷമീം മണ്ടോളി, നജീബ് മണമൽ എന്നിവർ സംസാരിച്ചു. ഷംസു ആണ്ടറത്ത് സ്വാഗതവും റിഷാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

