കോവിഷീൽഡ് ആസ്ട്രസെനക തന്നെയെന്ന് കുവൈത്തിനറിയാം
text_fieldsഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിൻ ഒാക്സ്ഫഡ് ആസ്ട്രസെനക തന്നെയെന്ന് കുവൈത്ത് അധികൃതർക്ക് ബോധ്യമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യക്കാർക്ക് ഇതുസംബന്ധിച്ച് ആശങ്ക തുടരുന്ന പശ്ചാത്തലത്തിലാണ് അംബാസഡർ ഒാപൺ ഹൗസിനിടെ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞത്.
കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ഒരാശങ്കയുടെയും ആവശ്യമില്ല. കുവൈത്ത് അംഗീകാരം നൽകിയ വാക്സിനുകളിൽ ഒന്നായ ആസ്ട്രസെനക തന്നെയാണ് ഇതെന്ന് കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിനോ കുവൈത്തിലേക്ക് വരുന്നതിനോ തടസ്സമൊന്നുമുണ്ടാകില്ല.
നാട്ടിൽ വിതരണം ചെയ്യുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡിനൊപ്പം ആസ്ട്രസെനക എന്ന് കൂടി രേഖപ്പെടുത്താൻ അവിടത്തെ ബന്ധപ്പെട്ടവരോട് അഭ്യർഥിച്ചിട്ടുണ്ട്. വാക്സിനേഷൻ തീയതിയും ബാച്ച് നമ്പറും കൂടി രേഖപ്പെടുത്താൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ ചെയ്ത് തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ഇതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക മാറിയിട്ടില്ലെന്നാണ് ദിവസേന വാട്സ്ആപിലൂടെയും മെയിൽ വഴിയും ട്വിറ്റർ വഴിയും ലഭിക്കുന്ന അന്വേഷണങ്ങൾ തെളിയിക്കുന്നത്. നിരവധി പേർ ഇക്കാര്യം അന്വേഷിക്കാനായി പുതുതായി ട്വിറ്റർ അക്കൗണ്ട് തുറന്നതായും മനസ്സിലാക്കുന്നു. എല്ലാ അന്വേഷണങ്ങൾക്കും വ്യക്തിപരമായി മറുപടി പറയാൻ കഴിയില്ല.
മിക്കവാറും അന്വേഷണങ്ങളും ഒരേ കാര്യംതന്നെയാണ്. കാര്യം വ്യക്തമാണ്. കോവിഷീൽഡ് എടുത്തവർക്ക് ഒരു ആശങ്കയുടെയും ആവശ്യമില്ല. കോവാക്സിന് ഇതുവരെ കുവൈത്തിെൻറ അംഗീകാരം ലഭിച്ചിട്ടില്ല. വിഷയം കുവൈത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. തീരുമാനം എടുക്കേണ്ടത് അവരാണ്.
ഇന്ത്യയിലെയും കുവൈത്തിലെയും കോവിഡ് സാഹചര്യങ്ങളും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശവും അനുസരിച്ചാണ് അവർ തീരുമാനമെടുക്കുക. ഇനിയും സംശയങ്ങൾ ബാക്കിയുള്ളവർക്കായി കഴിഞ്ഞ ദിവസം എംബസി വിവര ശേഖരണം ആരംഭിച്ചിട്ടുണ്ടെന്ന് അംബാസഡർ കൂട്ടിച്ചേർത്തു.
നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ കുടുങ്ങുകയും നാട്ടിൽ വാക്സിനേഷൻ നടത്തി കുവൈത്തിലേക്ക് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്കായാണ് കുവൈത്തിലെ എംബസി ഗൂഗ്ൾ ഫോം വഴി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്.(https://forms.gle/ZgRpFBTFV5V24Vqb8) എന്ന ഗൂഗ്ൾ ഫോറത്തിൽ വിവരങ്ങൾ നൽകാം. കൂടുതൽ വിവരങ്ങൾ എംബസി വെബ്സൈറ്റിലുണ്ട്.
കോൺസുലർ സേവനങ്ങൾ പരമാവധി നേരത്തേ നടത്തണം -അംബാസഡർ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർ കോൺസുലർ സേവനങ്ങൾ അവസാന നിമിഷത്തേക്ക് കാത്തുവെക്കരുതെന്നും പരമാവധി നേരത്തെ അപേക്ഷിക്കണമെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് അഭ്യർഥിച്ചു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഒാപൺ ഹൗസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പശ്ചാത്തലത്തിൽ എംബസി സേവനങ്ങൾ പെെട്ടന്ന് നിർത്തിവെക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ സാധ്യമാകുന്ന ഏറ്റവും ആദ്യത്തെ അവസരത്തിൽ കോൺസുലർ സേവനങ്ങൾ പൂർത്തിയാക്കണം. അന്വേഷണങ്ങൾക്കായി 12 വാട്സ് ആപ് നമ്പറുകൾ ലഭ്യമാക്കിയിട്ടുണ്ട്.
അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിൽ അവസാന നിമിഷത്തിലേക്ക് കാത്തുവെക്കരുത്. പാസ്പോർട്ട് പുതുക്കാൻ പാസ്പോർട്ട്, ഇഖാമ കാലാവധി കഴിയുന്നതിെൻറ മൂന്ന് മാസം മുെമ്പങ്കിലും അപേക്ഷിക്കണം. ഒരു വർഷം മുമ്പ് വരെ അപേക്ഷിക്കാവുന്നതാണ്. എംബസിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
കോൺസുലർ സേവനങ്ങൾ മുടങ്ങാതിരിക്കാൻ എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്. എംബസി ജീവനക്കാർക്ക് രണ്ടാഴ്ചയിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തുന്നുണ്ട്. എന്നാൽ, എല്ലായ്പ്പോഴും ഇതു സാധ്യമാകുമെന്ന് ഉറപ്പിക്കാൻ കഴിയില്ല. കുവൈത്തിൽ കോവിഡ് കേസുകൾ കൂടി വരുകയാണ്.
വളരെ നേരത്തേ അറിയിപ്പ് നൽകാൻ കഴിയാതെ എംബസി പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യം വരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഏതാനും ആഴ്ച എംബസി അടച്ചിടേണ്ടി വന്നു. അതുകൊണ്ടുതന്നെ എത്രയും നേരത്തേ കോൺസുലർ സേവനങ്ങൾ പൂർത്തിയാക്കുകയും രേഖകൾ ശരിയാക്കിവെക്കുകയും വേണമെന്ന് അംബാസഡർ അഭ്യർഥിച്ചു.