മലപ്പുറത്തെ വർഗീയകേന്ദ്രമായി ചിത്രീകരിക്കാൻ അനുവദിക്കില്ല- കെ.എം.സി.സി
text_fieldsകുവൈത്ത് സിറ്റി: മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്ന പൊന്നാനി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ പി.നന്ദകുമാറിന്റെ പ്രസ്താവന നീചവും വിദ്വേഷം നിറഞ്ഞതുമാണെന്ന് കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി. സംഘ്പരിവാർ അജണ്ടകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒരു ജനതയെ മുഴുവൻ തീവ്രവാദ ചാപ്പകുത്താനുള്ള നീക്കം കേരളത്തിന്റെ പൊതുമനസ്സിന് അപമാനമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് വലിയ സംഭാവനകൾ അർപ്പിച്ച, ഉന്നതമായ മതസൗഹാർദ്ദവും കാരുണ്യപാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.
തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനും പരാജയഭീതി മറച്ചുവെക്കാനും സ്വന്തം ജില്ലയെ തന്നെ വർഗീയ കേന്ദ്രമാക്കി മാറ്റിനിർത്തുന്നത് ഒരു മുൻ ജനപ്രതിനിധിക്ക് ഒട്ടും ഭൂഷണമല്ലെന്ന് കെ.എം.സി.സി ചൂണ്ടികാട്ടി.
പി.നന്ദകുമാർ ജില്ലയെ അപമാനിച്ചു നടത്തിയ വിഷലിപ്തമായ പരാമർശം ഉടനടി പിൻവലിച്ച് പൊതുസമൂഹത്തോട് നിരുപാധികം മാപ്പ് പറയാൻ തയ്യാറാകണം. മലപ്പുറത്തിന്റെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മതേതര പൊതു സമൂഹത്ത് നിന്നും ശക്തമായ പ്രതിരോധം തീർക്കണമെന്നും ജില്ല ഭാരവാഹികളായ അജ്മൽ വേങ്ങര, ഹംസ കരിങ്കപ്പാറ. ഫിയാസ് പുകയൂർ എന്നിവവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

