പി.എം.എ. സലാം പങ്കെടുത്ത കുവൈത്ത് കെ.എം.സി.സി യോഗത്തിൽ കൈയാങ്കളി VIDEO
text_fieldsകെ.എം.സി.സി യോഗത്തിനിടയിലെ കൈയാങ്കളി
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കമ്മിറ്റിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കൈയാങ്കളിയിൽ സമാപിച്ചു. വെള്ളിയാഴ്ച മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുവൈത്തിന്റെ സംഘടനാ ചുമതലയുള്ള അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ പങ്കെടുത്ത യോഗമാണ് കൈയാങ്കളിയിൽ സമാപിച്ചത്. തുടർന്ന് പി.എം.എ സലാം യോഗം പിരിച്ചുവിട്ടതായി അറിയിച്ച് നടപടികൾ അവസാനിപ്പിച്ചു.
കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനും സംഘടനാ പ്രശ്നങ്ങൾ തീർക്കുന്നതിനുമായാണ് കേരളത്തിൽനിന്നുള്ള ഉന്നത നേതൃത്വം വെള്ളിയാഴ്ച കുവൈത്തിലെത്തിയത്. ഉച്ചക്കുശേഷം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടന്ന യോഗത്തിൽ കോഴിക്കോട് ജില്ല കമ്മിറ്റി രൂപവത്കരണമായിരുന്നു ആദ്യ അജണ്ട. യോഗം ആരംഭിച്ച് പി.എം.എ. സലാം ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയില്‍ ജനറൽ സെക്രട്ടറി വിഭാഗം കെ.എം.സി.സി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് എത്തുകയായിരുന്നു. വേദിയിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വേദിയിലിരുന്ന പി.എം.എ. സലാമിനെയും അബ്ദുറഹിമാന് രണ്ടത്താണിയേയും ആബിദ് ഹുസൈൻ തങ്ങളെയും ചോദ്യം ചെയ്തു. ഇത് പ്രവർത്തകർക്കിടയിൽ കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു.
ജില്ല കൗണ്‍സില്‍ അംഗങ്ങൾ അല്ലാത്തവര്‍ പുറത്തുപോകണമെന്ന് പി.എം.എ. സലാം അഭ്യർഥിച്ചെങ്കിലും പുറത്തേക്ക് പോകാന്‍ ആരും തയാറായില്ല. തുടര്‍ന്ന് യോഗം നിര്‍ത്തിയ നേതാക്കള്‍ തെരഞ്ഞെടുപ്പ് നടത്താനാവാതെ ഹോട്ടലിലേക്ക് മടങ്ങി. നേതാക്കള്‍ മടങ്ങിയെങ്കിലും പ്രവര്‍ത്തകര്‍ ഉന്തും തള്ളും തുടർന്നു. നേരത്തേ സംസ്ഥാന കമ്മിറ്റി നടത്തിയ ഇഫ്താര്‍ സംഗമത്തിലും വാക്ക് തര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നു. കോഴിക്കോട് ജില്ല കമ്മിറ്റി രൂപവത്കരണം തടസ്സപ്പെട്ടതോടെ കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളുടെ തെരഞ്ഞെടുപ്പും മുടങ്ങി. കുവൈത്ത് കെ.എം.സി.സിയിൽ പ്രസിഡന്റ്, ജന. സെക്രട്ടറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ ശക്തമാണ്.
ഇതിനിടയിൽ 10 ജില്ല കമ്മിറ്റികളുടെ തെരഞ്ഞെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. കണ്ണൂർ ജില്ല കമ്മിറ്റി ചട്ടങ്ങൾ പാലിച്ച് തെരഞ്ഞെടുക്കപ്പെട്ടതാണെന്നും ഇനി എന്തിനാണ് വീണ്ടും തെരഞ്ഞെടുപ്പെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. ഓഫിസ് ആക്രമിച്ചവർക്കെതിരെ നടപടി, സംഘടനാപരമായി മറ്റു പ്രശ്നങ്ങൾ എന്നിവയിൽ നാട്ടിൽനിന്ന് എത്തിയ മൂന്നംഗസമിതി ഇടപെടുന്നില്ലെന്നും ഏകപക്ഷീയമാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതിനെ മറുവിഭാഗം അംഗീകരിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കുന്നതിനായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ നേതൃത്വത്തിൽ ഇരുവിഭാഗങ്ങളെയും വിളിച്ച് ശ്രമങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

