കെ.എം.സി.സിയില്‍ ഒത്തുതീർപ്പ് നീക്കങ്ങൾ ഫലം കണ്ടില്ല; നേതാക്കൾ മടങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സിയിൽ രൂക്ഷമായ ഭിന്നത പരിഹരിക്കാനുള്ള ശ്രമം നടപ്പായില്ല. രണ്ടു ദിവസത്തെ ഒത്തുതീർപ്പ് നീക്കങ്ങൾ പരാജയപ്പെട്ടതോടെ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുവൈത്തിന്റെ സംഘടന ചുമതലയുള്ള അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ നാട്ടിലേക്ക് തിരിച്ചു.
ശനിയാഴ്ച കോഴിക്കോട് ജില്ല കമ്മിറ്റി രൂപവത്കരണം കൈയാങ്കളിൽ സമാപിച്ചതോടെ ചർച്ച വഴിമുട്ടിയിരുന്നു. ശനിയാഴ്ച രാവിലെ കുവൈത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി വിഭാഗം നേതാക്കളുമായി മൂന്നംഗം സംഘം വെവ്വേറെ ചർച്ച നടത്തി. ഇതിലും സമവായ സാധ്യതകൾ രൂപപ്പെട്ടില്ല. കോഴിക്കോട് ജില്ല കൗൺസിൽ യോഗത്തിലേക്ക് നിയമവിരുദ്ധമായി കടന്നുവന്ന ഇതര ജില്ലക്കാരായ കെ.എം.സി.സി ജനറൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നാണ് പ്രസിഡന്റ് പക്ഷത്തിന്റെ ആവശ്യം. വർഷങ്ങളായി തുടരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനെയാണ് എതിർക്കുന്നതെന്ന് ജനറൽ സെക്രട്ടറി പക്ഷം പറയുന്നു.
യോഗം അലങ്കോലമാക്കിയവർക്കെതിരെ നടപടിയെടുക്കുമെന്ന് പി.എം.എ സലാം ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരു പക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച് നിന്നതിനാൽ നേതാക്കൾ വെട്ടിലായി. ഇതോടെ മൂന്നംഗസംഘം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വിഷയത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ട് തീരുമാനം അറിയിക്കുമെന്നാണ് സൂചന.
കൈയാങ്കളിയുടെ പശ്ചാത്തലത്തിൽ ഒരു വിഭാഗത്തിനെതിരെ നടപടിക്കും സാധ്യതയുണ്ട്. എന്നാൽ, നടപടി ഏകപക്ഷീയമായാൽ ഭിന്നത തുടരാൻ ഇടയാക്കും എന്ന നിലപാടും അണികൾക്കിടയിലുണ്ട്. വെള്ളിയാഴ്ചയാണ് കെ.എം.സി.സി കോഴിക്കോട് ജില്ല കൗൺസിൽ യോഗത്തിൽ പ്രവർത്തകർ ഏറ്റുമുട്ടിയത്. പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. ഇത് പാർട്ടിയിൽ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

