നോട്ടീസ് നല്‍കാതെ പിരിച്ചുവിട്ടെന്ന് : നൂറിലേറെ മലയാളി നഴ്സുമാര്‍ എംബസിക്ക് പരാതി നല്‍കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന നൂറിലേറെ മലയാളി നഴ്സുമാര്‍ കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടെന്നാരോപിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.
കുവൈത്തില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ കെ.ആര്‍.എച്ച് എന്ന കമ്പനിയുടെ കീഴില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലി ചെയ്തുവന്ന മലയാളി നഴ്സുമാരെയാണ് കൂട്ടമായി പിരിച്ചുവിട്ടത്. മൂന്നുവര്‍ഷത്തേക്കായിരുന്നു ഇവരുടെ കരാര്‍. അതിന് ശേഷം രണ്ടുവര്‍ഷം നീട്ടിനല്‍കി.
അഞ്ചുവര്‍ഷം മുമ്പ് മൂന്നര ലക്ഷം രൂപ വരെ ഏജന്‍റിന് നല്‍കിയാണ് ഇവര്‍ ജോലിക്ക് കയറിയത്. കരാര്‍ നീട്ടിനല്‍കുമെന്നും ജോലി നഷ്ടമാവില്ളെന്നുമായിരുന്നു ഏജന്‍റ് വിശ്വസിപ്പിച്ചിരുന്നത്. ഇവര്‍ ഇപ്പോള്‍ കമ്പനിയുടെ ഹോസ്റ്റലിലാണ് കഴിയുന്നത്. ഇവരോട് രണ്ടുദിവസത്തിനകം നാട്ടിലേക്ക് കയറിപ്പോകാന്‍ ഞായറാഴ്ച വൈകീട്ട് കമ്പനി ആവശ്യപ്പെടുകയായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കമ്പനിക്കെതിരെ നടപടിക്ക് സാധ്യതയില്ല. നോട്ടീസ് നല്‍കാതെ പെട്ടെന്ന് പിരിച്ചുവിട്ടത് പ്രതിസന്ധിയുണ്ടാക്കിയെന്നാണ് തൊഴിലാളികളുടെ ആരോപണം.
മിക്കവരുടെയും കുട്ടികള്‍ ഇവിടുത്തെ സ്കൂളുകളില്‍ പഠിക്കുകയാണ്. കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയത്ത് രണ്ടുദിവസത്തിനകം നാട്ടില്‍ പോകാനാവശ്യപ്പെട്ടത് കനത്ത ആഘാതമായി.
കുവൈത്തിലും നാട്ടിലും വന്‍ തുക ബാങ്ക് ലോണ്‍ എടുത്തിട്ടുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. നാട്ടിലേക്ക് പോയാല്‍ പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച് തിരിച്ചുവരവ് എളുപ്പമല്ളെന്നതാണ് ഇവരുടെ ആശങ്കക്ക് അടിസ്ഥാനം. ആഗസ്റ്റ് വരെ വിസ ബാക്കിയുണ്ട്. റിലീസ് നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
റിലീസ് കിട്ടിയാല്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാന്‍ കഴിയുമെന്ന് ഇവര്‍ പറയുന്നു. ആരോഗ്യ മന്ത്രാലയത്തില്‍ രണ്ടുതരം നഴ്സുമാരാണുള്ളത്. മിനിസ്ട്രി വിസയിലുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 700 ദീനാര്‍ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാമുണ്ട്. എന്നാല്‍, കരാര്‍ ജീവനക്കാര്‍ക്ക് കരാര്‍ കമ്പനി നല്‍കുന്ന തുച്ഛമായ ശമ്പളം മാത്രമാണുണ്ടാവുക.
മന്ത്രാലയത്തിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് ഇന്ത്യയില്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിക്ക് മാത്രമാക്കിയെങ്കിലും കരാര്‍ അടിസ്ഥാനത്തിലുള്ള റിക്രൂട്ട്മെന്‍റ് ഇപ്പോഴും നിലനില്‍ക്കുന്നു.
കരാര്‍ നിയമനത്തിനും റിക്രൂട്ട്മെന്‍റ് ഏജന്‍സികളുടെ ചൂഷണത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് കുവൈത്തിലെ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് അലീസ് എന്ന കമ്പനിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്ത 750ഓളം നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു. ഇവരിലധികവും ഇന്ത്യക്കാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
