കുവൈത്ത്-ഇറ്റലി പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി
കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി കൂടിക്കാഴ്ച നടത്തി.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈത്തിലെത്തിയതായിരുന്നു ഇറ്റാലിയൻ പ്രതിരോധ മന്ത്രി. കുവൈത്തും ഇറ്റലിയും തമ്മിൽ തന്ത്രപരമായ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ നിലവിലെ സംഭവവികാസങ്ങൾ, പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കൂടിക്കാഴ്ചയിൽ കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് ചീഫ് മേജർ ജനറൽ ബന്ദർ അൽ മുസൈൻ, പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല മിശ് അൽ അസ്സബാഹ്, കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ ലോറെൻസോ മോറിനി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

