ഹുർമൂസിന് ബദൽ ക്രൂഡ് പൈപ്പ് ലൈനുമായി കുവൈത്ത്; സൗദിയുമായി ചർച്ച പുരോഗമിക്കുന്നതായി എണ്ണ മന്ത്രി താരിഖ് അൽ റൂമി
text_fieldsകുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് കപ്പൽ ഗതാഗതം നിശ്ചലമായ ഹൂർമുസ് കടലിടുക്കിന് ബദലായി ക്രൂഡ് ഓയിൽ കയറ്റുമതി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള ചർച്ചകളുമായി കുവൈത്ത്. സൗദി അറേബ്യ, ഒമാൻ ഉൾപ്പെടെ അയൽ രാജ്യങ്ങളുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായി കുവൈത്ത് എണ്ണ മന്ത്രി താരിഖ് അൽ റൂമി അറിയിച്ചു.
സൗദി അറേബ്യ വഴി ചെങ്കടൽ തീരത്തെ തുറമുഖങ്ങളിലോ, അല്ലെങ്കിൽ ഒമാനോ വഴിയോ യു.എ.ഇയിലെ ഫുജൈറ തുറമുഖം വഴിയോ ബന്ധിപ്പിക്കുന്ന ബദൽ ക്രൂഡ് ഓയിൽ പൈപ്പ് ലൈൻ നിർമിക്കാനാണ് നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. ഹുർമൂസിലെ സംഘർഷം കാരണം കുവൈത്തിന്റെ എണ്ണ കയറ്റുമതി തടസ്സപ്പെടാതിരിക്കാനാണ് അയൽ രാജ്യങ്ങളുമായി സഹകരിച്ച് എണ്ണ കയറ്റുമതിക്കുള്ള ബദൽ പാത നിർമിക്കുന്ന വമ്പൻ പദ്ധതി ആസൂത്രം ചെയ്യുന്നത്.
മാസങ്ങളായി ഇറാൻ അമേരിക്ക സംഘർഷം പരിഹരിക്കാനായി ചർച്ചകളും, ഹുർമുസ് ഗതാഗതം പുനരാരംഭിക്കാനായി ഒമാൻ മധ്യസ്ഥതയിൽ നീക്കങ്ങളും നടക്കുന്നതിനിടെയാണ് ബദൽ കയറ്റുമതി പാതയുടെ ചർച്ചയും സജീവമാക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ബദൽ കയറ്റുമതി പൈപ്പ് ലൈൻ ചർച്ച പുരോഗമിക്കുന്നതെന്നും മന്ത്രി താരിഖ് അൽ റൂമി ജപ്പാന്റെ ക്യോഡോ ന്യൂസിനോട് പറഞ്ഞു.
അഞ്ചു മാസത്തിലേറെയായി തുടരുന്ന അമേരിക്ക, ഇസ്രായേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ വടക്കൻ അതിർത്തി രാജ്യമായ കുവൈത്താണ് ഏറ്റവും പ്രതിസന്ധി നേരിടുന്നത്. സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്ക് അടച്ചത് കാരണം കുവൈത്തിന്റെ എണ്ണ കയറ്റുമതി പൂർണമായും നിലച്ചതായി മന്ത്രി പറഞ്ഞു. ഇറാന്‍ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ചില എണ്ണ സംഭരണ ടാങ്കുകളുടെ പുനർനിർമാണത്തിന് കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരും. ഏറ്റവും മികച്ചതും ചിലവ് ചുരുങ്ങിയതുമായ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

