സ്ത്രീ ശാക്തീകരണത്തിൽ കുവൈത്ത് മുന്നിൽ -മന്ത്രി
text_fieldsയു.എൻ യോഗത്തിൽ മന്ത്രി ഡോ.അൽ ഹുവൈല
കുവൈത്ത് സിറ്റി: വിവിധ മേഖലകളിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധത യു.എൻ യോഗത്തിൽ ഉയർത്തികാട്ടി സാമൂഹിക, കുടുംബ, ബാല്യകാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല. ഐക്യരാഷ്ട്രസഭയിൽ വനിത പദവി സംബന്ധിച്ച കമ്മീഷന്റെ (സി.എസ്.ഡബ്ലിയു) 69-ാമത് സെഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹിക നയങ്ങൾ മെച്ചപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് സാമ്പത്തികവും സാമൂഹികവുമായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. നിരവധി രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു.
സ്ത്രീ ശാക്തീകരണം, വികസനത്തിൽ പങ്കാളികളാക്കൽ എന്നിവ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഡോ.അംതാൽ അൽ ഹുവൈല ചൂണ്ടികാട്ടി. സാമൂഹികവും സാമ്പത്തികവുമായ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിലും, സാമൂഹിക വിടവുകൾ കുറക്കുന്നതിലും, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതിലും സാമൂഹിക സംരക്ഷണം നിർണായക ഘടകമാണ്. സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ കുവൈത്ത് മുൻകൈയെടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും സ്ത്രീകളെ സംയോജിപ്പിക്കുകയും സാമ്പത്തിക, സാങ്കേതിക മേഖലകളിൽ അവരുടെ നേതൃത്വം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നീതി, സുസ്ഥിരത, മത്സരശേഷി എന്നിവയുടെ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതെന്നും അൽ ഹുവൈല വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.