കുവൈത്ത് സമാധാനം നിറഞ്ഞ രാജ്യം
text_fieldsകുവൈത്ത് സിറ്റി: സമാധാനം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ മുൻ നിരയിൽ കുവൈത്ത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിലാണ് കുവൈത്ത് മികച്ച നേട്ടം പ്രകടമാക്കിയത്. പട്ടികയിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമതാണ്. ആഗോള തലത്തില്‍ 25ാം സ്ഥാനവും കുവൈത്തിനുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ സൂചികയിൽ ആഗോള തലത്തില്‍ 35ാം സ്ഥാനത്തായിരുന്നു കുവൈത്ത്. ഗള്‍ഫ് മേഖലയില്‍ ഖത്തറും ഒമാനും യു.എ.ഇയുമാണ് കുവൈത്തിന് പിറകിലുള്ളത്. പട്ടികയില്‍ 163 രാജ്യങ്ങളാണുള്ളത്. ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഐസ് ലൻഡ് ഒന്നാമതും അയർലൻഡ് രണ്ടാമതുമാണ്. ഓസ്ട്രിയ, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നിങ്ങനെയാണ് ആദ്യ അഞ്ചുസ്ഥാനങ്ങൾ. പട്ടികയിൽ ഇന്ത്യ 116ാം സ്ഥാനത്താണ്. ഇസ്രായേൽ 155ാം സ്ഥാനത്തും. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്താരാഷ്ട്ര സംഘർഷങ്ങൾ, സൈനികവത്കരണത്തിന്റെ തോത് എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സമാധാന പട്ടിക തയാറാക്കുന്നത്. 2008 മുതലാണ് ആഗോള സമാധാന സൂചിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.

