കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് ബുധനാഴ്ച തുടക്കമാകും
text_fieldsഎൻ.സി.സി.എ.എൽ സാംസ്കാരിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ആയിഷ അൽ മഹ്മൂദ് വാർത്താസമ്മേളനത്തിൽ.
കുവൈത്ത് സിറ്റി: 48ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് ബുധനാഴ്ച കുവൈത്ത് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ തുടക്കമാകും. 19 മുതൽ 29 വരെയാണ് മേള. 33 രാജ്യങ്ങളിൽ നിന്നുള്ള 611 പ്രസാധക സ്ഥാപനങ്ങൾ ഇത്തവണ മേളക്കെത്തും.
2025 ലെ അറബ് സാംസ്കാരിക-മാധ്യമ തലസ്ഥാനമായി കുവൈത്തിനെ നാമനിർദേശം ചെയ്തതിനോടനുബന്ധിച്ചാണ് ഈ വർഷത്തെ മേള നടക്കുന്നതെന്ന് എൻ.സി.സി.എ.എൽ സാംസ്കാരിക വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ആയിഷ അൽ മഹ്മൂദ് പറഞ്ഞു.അറബ് സാംസ്കാരിക സംവാദത്തിനായുള്ള വിപുലീകൃത വേദിയായ ‘കൾചറൽ കഫേ’, ആധുനിക സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഇടമായ ‘കൾചർ പവിലിയൻ’, സർഗാത്മകത, അറിവ്, സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിക്കുന്ന ‘കുട്ടികളുടെ സാംസ്കാരിക പവിലിയൻ’ എന്നിങ്ങനെ മൂന്ന് സാംസ്കാരിക വേദികളിലായാകും പരിപാടികളും പ്രവർത്തനങ്ങളും കേന്ദ്രീകരിക്കുക.
പ്രസിദ്ധീകരിക്കാത്ത കൃതികൾക്കുള്ള കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള അവാർഡ്, ലോക സർഗാത്മകത പരമ്പരക്കുള്ള മികച്ച അവലോകന മത്സരം എന്നിവ ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ക്രിയേറ്റിവ് സ്റ്റുഡന്റ്സ് അവാർഡും പുസ്തകമേളയിൽ വിതരണം ചെയ്യും. എൻ.സി.സി.എ.എല്ലിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുഴുവൻ പരിപാടിയുടെ വിശദാംശങ്ങളും ലഭ്യമാകും.അറബ് പ്രസാധക സ്ഥാപനങ്ങൾ, കുവൈത്ത്, ഗൾഫ്, മറ്റ് അന്താരാഷ്ട്ര പ്രസാധകർ, സർക്കാർ ഏജൻസികൾ, പ്രാദേശിക സംഘടനകൾ, കുട്ടികളുടെ പുസ്തക പ്രസാധകർ എന്നിവർക്കായി പ്രത്യേക സ്റ്റാളുകൾ ഉണ്ടാകും. മേളയിൽ എല്ലാ പുസ്തകത്തിനും 25 ശതമാനം കിഴിവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

