ഗതാഗത നിയമ ബോധവത്കരണം ഹിന്ദി ഉൾപ്പെടെ ആറു ഭാഷകളിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗതനിയമം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ഹിന്ദി ഉൾപ്പെടെ ആറുഭാഷകളിൽ ബോധവത്കരണം നടത്തും. ഇംഗ്ലീഷ്, പേർഷ്യൻ, ബംഗാളി, പാകിസ്താനി, ഫിലിപ്പിനോ എന്നിവയാണ് മറ്റു ഭാഷകൾ.
കുവൈത്തിൽ ഏറ്റവും കൂടുതൽ താമസിക്കുന്ന വിദേശികളെ പരിഗണിച്ചാണ് ഈ ഭാഷകൾ തിരഞ്ഞെടുത്തതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. പുതിയ ട്രാഫിക് വ്യവസ്ഥകൾ വിശദീകരിക്കുന്നതിലൂടെ റോഡ് അപകടങ്ങൾ കുറക്കുകയും സുരക്ഷിതമായ ഡ്രൈവിങ് പരിതസ്ഥിതി വളർത്തുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. സന്ദേശം വൈവിധ്യമാർന്ന പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പരമ്പരാഗത മാധ്യമങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ എന്നിവ ഉപയോഗിക്കും.
റോഡരികിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കും. ഏപ്രിൽ 22നാണ് പരിഷ്കരിച്ച ഗതാഗതനിയമം പ്രാബല്യത്തിലാവുക. പുതിയ നിയമപ്രകാരം ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്നു മാസം വരെ തടവും 150 മുതൽ 300 ദീനാർ വരെ പിഴയും ചുമത്തും.
വാഹനാപകട സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്നുമാസം തടവും 150 ദീനാർ പിഴയും ലഭിക്കും. അശ്രദ്ധമായ രീതിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദീനാർ വരെ പിഴയും ലഭിക്കും. ബ്രേക്കില്ലാതെ വാഹനമോടിക്കുന്നതിന് രണ്ടു മാസം തടവും 200 ദീനാർ വരെ പിഴയും ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

