സ്കൂൾ അധ്യയന വർഷാരംഭം; ഗതാഗത സുരക്ഷ ഉറപ്പുവരുത്തി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂൾ അധ്യയന വർഷം ആരംഭിച്ചതോടെ ഗതാഗത സുരക്ഷ ഉറപ്പുവരുത്തി ആഭ്യന്തര മന്ത്രാലയം. വാഹനങ്ങളുടെ സുഗമമായ ഒഴുക്കും വിദ്യാർത്ഥികളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷയും ഉറപ്പാക്കുന്നതിനുമായി 870 സുരക്ഷാ-ഗതാഗത പട്രോൾ സംഘങ്ങളെ വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
520 പട്രോളിംഗ് സംഘങ്ങളും, ജനറൽ ട്രാഫിക് വിഭാഗത്തിൽ നിന്ന് 200, ജനറൽ എമർജൻസി പൊലീസ് വിഭാഗത്തിൽ നിന്ന് 150 പേർ ഇതിൽ ഉൾപ്പെടുന്നു. അടിയന്തര സഹായങ്ങളോട് വേഗത്തിൽ പ്രതികരിക്കാനും ഇടപെടാനും പട്രോൾ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രാപ്പകൽ ഭേദമന്യേ ഇത്തരം ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സംഘം സജ്ജമാണ്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി സ്കൂളുകൾക്ക് ചുറ്റും, സ്കൂളുകളിലേക്കുള്ള പാതകളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും പട്രോളിംഗ് സംഘങ്ങൾ ശ്രദ്ധ നൽകും. 338 ട്രാഫിക് നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് കൺട്രോൾ റൂം വഴി റോഡുകൾ നിരീക്ഷിക്കുകയും ഗതാഗത നീക്കങ്ങളും സിഗ്നലുകളും നിയന്ത്രിക്കുകയും ചെയ്യും.
ഗതാഗത നിയമങ്ങൾ പാലിക്കാനും കാൽനടയാത്രക്ക് നിശ്ചയിച്ച ക്രോസിംഗുകൾ മാത്രം ഉപയോഗിക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്താനും കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം കൃത്യമാക്കാനും നിർദ്ദേശിച്ചു. പ്രതിരോധവും സുരക്ഷയും ആരംഭിക്കുന്നത് സമൂഹത്തിൻ്റെ അവബോധത്തിലൂടെയാണെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
ഞായറാഴ്ച ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ ക്ലാസുകൾ ആരംഭിച്ചു. പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. കിന്റർഗാർട്ടൻ കുട്ടികൾ ബുധനാഴ്ച ക്ലാസിലെത്തും. 2026-27 അധ്യയന വർഷത്തിൽ സർക്കാർ, സ്വകാര്യ അറബിക്, മതവിദ്യാഭ്യാസ സ്കൂളുകളിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം 4,81,511 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

