കുവൈത്തിൽ വൈദഗ്ധ്യ മേഖലയില്‍ പ്രവാസികള്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വൈദഗ്ധ്യമുള്ള മേഖലയില്‍ പ്രവാസികള്‍ക്ക് വർക്ക് പെർമിറ്റ് നൽകുന്നതിന് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു. വിദഗ്ധ തൊഴിലാളികൾക്ക് പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകൾ പൂർത്തിയാക്കിയതിന് ശേഷമാകും തൊഴിലവസരം ലഭിക്കുകയെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് വിഭാഗവുമായി സഹകരിച്ചായിരിക്കും സാങ്കേതിക ടെസ്റ്റ് നടത്തുക. ഇത് സംബന്ധമായ ധാരണപത്രം അടുത്ത ആഴ്ചയോടെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, അപ്ലൈഡ് എജുക്കേഷനുമായി ഒപ്പുവെക്കും.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പ്രഫഷണൽ ടെസ്റ്റ് നടപ്പാക്കുന്നത്. ഏത് തൊഴിലുകള്‍ക്കാണ് ടെസ്റ്റുകൾ നിര്‍ബന്ധമാക്കുകയെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല. ധാരണപത്രം രൂപപ്പെടുത്തുന്നതോടെ ഇതിൽ വ്യക്തത വരും.
നിലവിൽ കുവൈത്തിലേക്കുള്ള ആരോഗ്യമേഖലയിലെ റിക്രൂട്ട്മെന്റുകളിൽ മന്ത്രാലയം യോഗ്യത ടെസ്റ്റ് നടത്തുന്നുണ്ട്. എൻജിനീയറിങ് രംഗത്തും പ്രത്യേക യോഗ്യത മാനദണ്ഡങ്ങളുണ്ട്.
ടെസ്റ്റുകൾ നടത്തി തൊഴിലാളികളെ നിയമിക്കുന്നതിലൂടെ കുവൈത്തിൽ ജോലി ചെയ്യുന്നവരുടെ സാങ്കേതിക വൈദഗ്ധ്യം ഉയർത്തി തൊഴിൽ വിപണി വികസിപ്പിക്കാൻ സഹായിക്കും. പുതിയ നിയമത്തിലൂടെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

