ഗൾഫ് തർക്കം : ജി.സി.സി ഉച്ചകോടിയിൽ പ്രതീക്ഷയർപ്പിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ജനുവരി അഞ്ചിന് സൗദിയിലെ റിയാദിൽ നടക്കുന്ന 41ാമത് ജി.സി.സി ഉച്ചകോടി വേദിയാവുമെന്ന പ്രതീക്ഷയിൽ കുവൈത്ത്. പ്രശ്ന പരിഹാരത്തിന് തുടക്കം മുതൽ നയതന്ത്ര പരിശ്രമങ്ങൾ നടത്തുന്ന കുവൈത്ത് ഉച്ചകോടിക്ക് മുന്നോടിയായി ബന്ധപ്പെട്ട രാജ്യങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
കഴിഞ്ഞയാഴ്ച കുവൈത്ത് അമീർ സൗദി, ഖത്തർ, യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് കത്ത് അയച്ചിരുന്നു. വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് ആണ് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രതിനിധിയായി രാഷ്ട്രത്തലവന്മാരെ കണ്ടത്. പ്രശ്നപരിഹാരം തന്നെയായിരുന്നു മുഖ്യ അജണ്ട.
എല്ലാ രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കുവൈത്ത് നടത്തുന്ന നയതന്ത്ര ഇടപെടലുകൾക്ക് വിവിധ ലോകരാജ്യങ്ങളുടെ പ്രശംസ ലഭിച്ചതാണ്.
ഫലപ്രദമായ ചർച്ചകളാണ് നടക്കുന്നത്. അന്തിമ പരിഹാര കരാറിനുള്ള സന്നദ്ധത എല്ലാ വിഭാഗവും കാണിക്കുന്നുണ്ട്. യു.എസ് പ്രസിഡൻറിെൻറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നറിെൻറ ജി.സി.സി രാജ്യങ്ങളിലെ സന്ദർശനത്തിനും മധ്യസ്ഥ ശ്രമങ്ങൾക്കും ഇതിൽ നിർണായക പങ്കുണ്ട്.
അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ സ്വപ്നമായിരുന്നു ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രശ്നം പരിഹരിക്കുകയെന്നത്.
ഉപരോധം വരെ എത്തിയ തർക്കം നേരിട്ടുള്ള സംഘർഷത്തിലേക്ക് നീങ്ങാതിരുന്നതിന് പിന്നിൽ മുൻ കുവൈത്ത് അമീറിെൻറ പരിശ്രമങ്ങൾക്ക് വലിയ പങ്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

