ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിനെ കുവൈത്ത് പ്രശംസിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ തീരുമാനത്തെ കുവൈത്ത് പ്രശംസിച്ചു. ഫലസ്തീനികളുടെ നീതിയും സ്വാതന്ത്ര്യവും കൈവരിക്കുന്നതിനുള്ള ദിശയിലേക്കുള്ള ഒരു നല്ല ചുവടുവെയ്പായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഈ തീരുമാനത്തെ വിലയിരുത്തി. സമാനമായ തീരുമാനങ്ങൾ എടുക്കാൻ മറ്റ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിൽ കുവൈത്തിന്റെ പിന്തുണയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീനിനെ ഔദ്യോഗിക സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതായി വ്യക്തമാക്കിയത്. മേഖലയിലെ ശാശ്വത സമാധാനത്തിനായി ദ്വിരാഷ്ട്ര വാദത്തെ പിന്തുണക്കുമെന്ന സൂചന നിരവധി യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ നൽകിയിരുന്നു. യുറോപ്യൻ യൂനിയൻ രാജ്യങ്ങൾ യു.എന്നിൽ വൈകാതെ ഈ നിലപാട് അറിയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

