കുവൈത്ത് സർവകലാശാല: വേനൽക്കാല ക്ലാസുകളിൽ വിദേശി അധ്യാപകർക്ക് വിലക്കേർപ്പെടുത്താനാവില്ല -മന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയുടെ വേനൽക്കാല ക്ലാസുകളിൽ വിദേശി അധ്യാപകർ ക്ക് വിലക്കേർപ്പെടുത്തണമെന്ന പാർലമെൻററി നിർദേശം വിദ്യാഭ്യാസ മന്ത്രി തള്ളി. വിദേ ശി അധ്യാപകർക്ക് വിലക്കേർപ്പെടുത്തുന്നത് സർവകലാശാലയുടെ അക്കാദമിക് നിലവാരത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമി നിർദേശം തള്ളിയത്. കുവൈത്ത് സർവകലാശാല, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിവയിലെ വേനൽക്കാല ക്ലാസുകളിൽനിന്ന് കുവൈത്തികളല്ലാത്ത അധ്യാപകരെ ഒഴിവാക്കണമെന്ന് ഖാലിദ് അൽ ശത്തി എം.പിയാണ് നിർദേശം സമർപ്പിച്ചത്.
കുവൈത്തി അധ്യാപകർക്ക് മുൻഗണന നൽകുന്ന നയമാണ് പിന്തുടരുന്നത്. അതേസമയം, അക്കാദമിക് ഷെഡ്യൂൾ തയാറാക്കുന്നത് ഒരുപാട് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക പ്രക്രിയയിലൂടെയാണ്. അധ്യാപകരുടെ മികവ്, പ്രത്യേകതകൾ എന്നിവയെല്ലാം പരിഗണിക്കപ്പെടണം.
ദേശീയതയുടെ അടിസ്ഥാനത്തിൽ അധ്യാപകർക്കിടയിൽ വിവേചനം ഉണ്ടാകുന്നത് സർവകലാശാല അധ്യാപകരുടെ മതിപ്പ് കുറക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ അക്കാദമിക സ്ഥാപനങ്ങളിലെയുംപോലെ തന്നെ അധ്യാപക ജീവനക്കാർ അവകാശങ്ങളിലും കടമകളിലും തുല്യരാണെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
