ബിദൂനികാര്യ ഏജൻസി ആഭ്യന്തര മന്ത്രാലയത്തിൽ ലയിപ്പിച്ചേക്കും
text_fieldsകുവൈത്ത് സിറ്റി: ബിദൂനി കാര്യങ്ങൾക്കായുള്ള ഏജൻസി ആഭ്യന്തര മന്ത്രാലയത്തിൽ ലയിപ്പിക്കണമെന്ന് പാർലമെൻറ് നിയമകാര്യ സമിതിയുടെ നിർദേശം സർക്കാർ അംഗീകരിച്ചു. ഒക്ടോബറിൽ ചേരുന്ന പാർലമെൻറ് കരടുനിർദേശം വോട്ടിനിട്ട് അംഗീകരിച്ചാൽ പ്രാബല്യത്തിലാവും. നിലവിൽ ബിദൂനി കാര്യ ഏജൻസിയുടെ ആക്ടിങ് പ്രസിഡൻറായ സാലിഹ് അൽ ഫദ്ദാല സ്ഥാനമൊഴിയും. ഏജൻസി രൂപവത്കരിച്ചപ്പോൾ അഞ്ചുവർഷത്തേക്കാണ് ഇദ്ദേഹത്തിന് ചുമതല നൽകിയത്. തുടർന്ന് രണ്ടുവർഷത്തേക്ക് കൂടി നീട്ടിനൽകി. കഴിഞ്ഞ നവംബറിൽ ഇതും പൂർത്തിയായി.
ഇതിന് ശേഷം ആക്ടിങ് പ്രസിഡൻറായി പ്രവർത്തിക്കുകയാണ്. പുതിയ ആൾക്ക് ‘സെക്രട്ടറി ജനറൽ’ എന്ന തസ്തികയായിരിക്കും ഉണ്ടാവുകയെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ 1,20,000ത്തിനും ഒന്നര ലക്ഷത്തിനും ഇടയിൽ വരുന്ന ബിദൂനികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പ്രത്യേക ഏജൻസി തുടങ്ങിയത്. ഒരു രാജ്യത്തിെൻറയും പൗരത്വമില്ലാത്ത ബിദൂനികൾ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കുവൈത്ത് പൗരത്വവും സ്വദേശികൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെന്നാണ് ബിദൂനികളുടെ ആവശ്യം.
ഇത് അപ്പാടെ അംഗീകരിച്ചില്ലെങ്കിലും കാര്യമായ പരിഗണന സർക്കാർ ബിദൂനികൾക്ക് നൽകുന്നുണ്ട്. സ്വദേശികൾ കഴിഞ്ഞാൽ തൊഴിലവസരങ്ങളിലേക്കും മറ്റും ബിദൂനികളെ പരിഗണിക്കുന്നു. പൊതുമേഖലയിലെ വിവിധ വകുപ്പുകളിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ 4022 ബിദൂനികൾക്ക് നിയമനം നൽകിയതായാണ് കണക്കുകൾ. 2010ലാണ് ബിദൂനി കാര്യ ഏജൻസി പ്രവർത്തനമാരംഭിച്ചത്. 2011 മുതൽ 2017 ഡിസംബർ അവസാനംവരെയുള്ള കാലത്തിനിടെ 8508 ബിദൂനികൾക്ക് തങ്ങളുടെ നാടുകളുമായി ചേർത്ത് പൗരത്വ രേഖകൾ ശരിയാക്കി നൽകുകയും കുവൈത്തിലെ താമസം നിയമപരമാക്കുകയും ചെയ്തു.
ബിദൂനികളെ സൈന്യത്തിലെടുക്കുന്നതിന് പാർലമെൻറിെൻറ അംഗീകാരം ലഭിച്ചിട്ടുണ്ട്. സർക്കാറിനും അനുകൂല നിലപാടാണ്. സെപ്റ്റംബറിൽ ആദ്യ വ്യൂഹത്തിന് നിയമനം നൽകിയേക്കും.മുൻകാലങ്ങളിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്ന് കുവൈത്തിൽ എത്തിയ നിലവിൽ ഒരു രാജ്യത്തിെൻറയും പൗരത്വമില്ലാത്തവരാണ് ബിദൂനികൾ.
34,000 പേർ മാത്രമാണ് പൗരത്വത്തിന് അവകാശികളെന്നാണ് സർക്കാർ വിലയിരുത്തൽ. ബാക്കിയുള്ളവരെ അറബ് വംശജരെ പോലെ പരിഗണിക്കുമെന്നാണ് സർക്കാർ വാദം. സാമ്പത്തിക സുസ്ഥിതിയുള്ള കുവൈത്തിെൻറ പൗരത്വം ലഭിക്കുന്നതിനായി ഇവിടെയെത്തിയതിന് ശേഷം ഒറിജിനൽ പാസ്പോർട്ട് ബോധപൂർവം നശിപ്പിച്ചവരാണ് ബാക്കിയുള്ളവർ എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
