ദുതെർത്തിെൻറ കുവൈത്ത് സന്ദർശനം സെപ്റ്റംബറിൽ
text_fieldsകുവൈത്ത് സിറ്റി: ഫിലിപ്പീൻ പ്രസിഡൻറ് റോഡ്രിഗോ ദുതെർത്തിെൻറ കുവൈത്ത് സന്ദർശനം സെപ്റ്റംബറിലെന്ന് റിപ്പോർട്ട്. ഫിലിപ്പീൻസ് പ്രസിഡൻറിെൻറ സഹായി ക്രിസ്റ്റഫർ ബോങ് ഗോയെ ഉദ്ധരിച്ച് ഫിലിപ്പീൻസ് പ്രാദേശിക മാധ്യമമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിൽ പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കിയ തൊഴിൽ കരാറിൽ ഒപ്പിടാൻ തയാറായതിന് കുവൈത്ത് അധികൃതരെ നേരിട്ട് നന്ദി അറിയിക്കാനാണ് ദുതെർത് കുവൈത്തിലെത്തുന്നത്. ദുതെർത്തിന് നേരത്തേ ഷെഡ്യൂൾ ചെയ്ത പരിപാടികൾ ഉള്ളതിനാലാണ് സന്ദർശനം നീട്ടുന്നത്.
ഗാർഹിക തൊഴിലാളി പ്രശ്നത്തെ തുടർന്ന് നയതന്ത്രബന്ധം വഷളായ കാലത്ത് കുവൈത്തിനെതിരെ നടത്തിയ കടുത്ത ഭാഷാപ്രയോഗങ്ങൾക്ക് ഫിലിപ്പീൻസ് പ്രസിഡൻറ് നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്ന് നിയന്ത്രണം വിട്ട് സംസാരിച്ചപ്പോൾ ഉപയോഗിച്ച പല വാക്കുകളും കടുത്തതായിപ്പോയെന്നും അതിന് കുറ്റബോധത്തോടെ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഏതാനും മാസം മുമ്പ് ദുതെർത് കുവൈത്തിലെത്താനിരുന്നതാണ്. ഇതിനിടക്കാണ് ഫിലിപ്പീൻസ് ഗാർഹികത്തൊഴിലാളികൾ കുവൈത്തിൽ പീഡനമനുഭവിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ജൊആന ഡാനിയേലയെന്ന തൊഴിലാളിയുടെ മരണവും ഫിലിപ്പീൻ എംബസിയുടെ സഹായത്തോടെ തൊഴിലാളികളെ സ്പോൺസർമാരിൽനിന്ന് കടത്തിയതുമാണ് പ്രശ്നം രൂക്ഷമാക്കിയത്.
ഫിലിപ്പീൻസ് അംബാസഡറെ കുവൈത്ത് പുറത്താക്കുന്നതിലേക്കും കുവൈത്തിൽനിന്ന് ഫിലിപ്പീൻസ് മുഴുവൻ തൊഴിലാളികളെയും തിരിച്ചുവിളിക്കുന്നതിലേക്കും കാര്യങ്ങൾ എത്തി. പിന്നീട് നടന്ന നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ തൊഴിൽ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് പുതിയ കരാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
