കുവൈത്തിെൻറ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് 57 വയസ്സ്
text_fieldsകുവൈത്ത് സിറ്റി: ബ്രിട്ടെൻറ കോളനിവാഴ്ചയിൽനിന്ന് കുവൈത്ത് സ്വതന്ത്രമായിട്ട് ഇന്നത്തേക്ക് 57 വർഷം പിന്നിടുന്നു. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നുവർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിെൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തിെൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിെൻറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25െൻറ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിച്ചതോടെ യഥാർഥ സ്വാതന്ത്ര്യ ദിനത്തിെൻറ നിറംമങ്ങുകയായിരുന്നു. പിന്നീട് അതിന് തൊട്ടടുത്ത ദിവസംതന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തിനേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി.
17ാം നൂറ്റാണ്ടിൽതന്നെ സ്വതന്ത്ര രാജ്യമായിരുന്ന കുവൈത്ത് ബ്രിട്ടെൻറ സംരക്ഷണത്തിലായത് 1899 ജനുവരി 23നാണ്. കുവൈത്തിെൻറ ഏഴാമത്തെ ഭരണാധികാരി ശൈഖ് മുബാറക് ബിൻ സബാഹാണ് അന്നത്തെ വൻശക്തിയായിരുന്ന ബ്രിട്ടെൻറ സംരക്ഷണത്തിൽ കഴിയാൻ കരാറൊപ്പിട്ടത്. മേഖലയിലെ സംഘർഷാന്തരീക്ഷത്തിൽ സുരക്ഷ കൊതിച്ചായിരുന്നു കുവൈത്തിെൻറ നീക്കമെങ്കിലും ഫലത്തിൽ പശ്ചിമേഷ്യയിൽ പിടിമുറുക്കാനുള്ള സാമ്രാജ്യത്വ ശക്തിയുടെ അജണ്ടക്ക് മരുന്നിടുന്നതായിരുന്നു അത്.
കരാർപ്രകാരം കുവൈത്ത് ഭരണാധികാരിക്ക് പ്രാദേശിക ഭരണത്തിെൻറ ചുമതലയും വിദേശനയമുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികാരം ബ്രിട്ടനുമായി. 1950ൽ അധികാരത്തിലേറിയ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് 1961ൽ സംരക്ഷണ കരാർ അവസാനിപ്പിക്കുകയും കുവൈത്തിനെ പൂർണ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച കരാറിൽ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹും അറേബ്യൻ ഗൾഫിലെ ബ്രിട്ടീഷ് കമീഷണർ ജോർജ് മിഡിൽട്ടണും ഒപ്പുവെച്ച ദിനമാണ് 1961 ജൂൺ 19.
ആധുനിക കുവൈത്തിെൻറ തുടക്കം ഇവിടെ നിന്നായിരുന്നു. അടിസ്ഥാനകാര്യങ്ങളിൽ ഉൗന്നി രാജ്യം കെട്ടിപ്പടുത്ത ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹ് രാഷ്ട്രശിൽപിയായി വാഴ്ത്തപ്പെടുമ്പോൾ തുടർന്നുവന്ന ഭരണാധികാരികളെല്ലാം നാടിനെ ലോകത്തിെൻറ മുൻനിരയിലേക്ക് ഉയർത്തി. എണ്ണയുടെ കണ്ടെത്തലിനുശേഷം കുവൈത്തിന് ലോകഭൂപടത്തിൽ നിർണായക സ്ഥാനം ലഭിക്കുകയും വികസനക്കുതിപ്പിന് ഗതിവേഗം ലഭിക്കുകയും ചെയ്തു. രാഷ്ട്രശിൽപിയുടെ ദീർഘവീക്ഷണവും എണ്ണ നൽകിയ കുതിപ്പുമാണ് കുവൈത്തിനെ പുരോഗതിയിലെത്തിച്ചത്. തുടർന്നുവന്ന ശൈഖ് സബാഹ് അൽസാലിം അസ്സബാഹും ശൈഖ് ജാബിർ അൽഅഹ്മദ് അസ്സബാഹും നിലവിലെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹും കിരീടാവകാശി ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹും അതേ പാതയിലൂടെ തന്നെയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
