സ്വദേശി അനുപാതം പാലിക്കാത്ത കമ്പനികൾക്കുള്ള പിഴ മൂന്നിരട്ടിയാക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി അനുപാതം കൃത്യമായി പാലിക്കാത്ത സ്വകാര്യ കമ്പനികൾക്കുള്ള പിഴ മൂന്നിരട്ടിയാക്കി ഉയർത്താൻ തീരുമാനം.
നിലവിൽ നിശ്ചിതയെണ്ണം സ്വദേശികളെ ജോലിക്ക് വെക്കാത്ത കമ്പനി ഒരു തൊഴിലാളിക്ക് 100 ദീനാർ എന്നതോതിൽ പിഴ കൊടുക്കണമെന്നാണ് നിയമം. പുതിയ ഉത്തരവിൽ അത് 300 ദീനാറായി ഉയർത്താനാണ് തീരുമാനം. പുതിയ ഉത്തരവ് ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് മാൻപവർ അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രം വ്യക്തമാക്കി.
നിശ്ചിത എണ്ണത്തിന് മുകളിൽ ജീവനക്കാരുള്ള ഓഫിസുകൾ, എൻജിനീയറിങ് കമ്പനികൾ, അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ഓഫിസുകൾ എന്നിവിടങ്ങളിൽ അഞ്ചു ശതമാനം സ്വദേശികളെ നിയമിക്കണമെന്നതായിരുന്നു നിലവിലെ വ്യവസ്ഥ. ഇത് 10 ശതമാനമായി ഉയർത്താനാണ് പുതിയ ഉത്തരവിലുള്ളത്.
അതുപോലെ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് മേഖലയിൽ നാലു ശതമാനം സ്വദേശികളെ നിയമിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.
സർക്കാർ കോൺട്രാക്ടിങ് കമ്പനികളിൽ പദ്ധതി നടപ്പാക്കി വിജയിച്ചതാണ് മറ്റു മേഖലകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്. സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ഘട്ടംഘട്ടമായി നടപ്പാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ പറഞ്ഞു.
ചില കമ്പനികൾ സ്വദേശികളെ തീരേ നിയമിക്കാതെ പിഴ കൊടുത്തുകൊണ്ടിരിക്കുകയെന്ന രീതി പിന്തുടരുകയാണ്. പിഴ മൂന്നിരട്ടിയാക്കി ഉയർത്തുന്നതിലൂടെ ഈ പ്രവണതക്ക് അറുതിവരുത്താൻ സാധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നുണ്ട്. സാധാരണ തൊഴിലാളി, ഡ്രൈവർ എന്നീ തസ്തികകളിൽപോലും നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കാത്ത കമ്പനികൾ ഈ ഉത്തരവിെൻറ പരിധിയിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.