പൊതുമാപ്പ് തീരാൻ മൂന്നുദിവസം; ഒരു മാസംകൂടി നീട്ടാൻ ആലോചന ഇതുവരെ പ്രയോജനപ്പെടുത്തിയത് 30,000ത്തോളം പേർ
text_fieldsകുവൈത്ത് സിറ്റി: ആറര വർഷത്തിനുശേഷം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ മൂന്നുദിവസം കൂടി മാത്രം. പൊതുമാപ്പ് ഒരുമാസത്തേക്കുകൂടി നീട്ടാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി സൂചനയുണ്ട്. പൊതുമാപ്പ് നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളുടെ എംബസികൾ കുവൈത്ത് അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനോട് മന്ത്രാലയത്തിന് അനുകൂല സമീപനമാണെന്നാണ് അറിയുന്നത്. നേരേത്ത പൊതുമാപ്പ് കാലാവധി നീട്ടിനൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതുവരെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 30000ത്തോളം പേർ ആണെന്നാണ് താമസകാര്യ വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ. മൊത്തം 1,54,000 അനധികൃത താമസക്കാർ രാജ്യത്തുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്ക്. 10,000ത്തോളം ഇന്ത്യക്കാരാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകിയത്. മൊത്തം 27000 ഇന്ത്യക്കാർ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്.
അതായത് മൂന്നിൽ രണ്ടുഭാഗവും ഇപ്പോഴും അനധികൃത താമസക്കാരായി ഇവിടെ തങ്ങുന്നുവെന്നർഥം. പൊതുമാപ്പ് ആനുകൂല്യം അർഹരായവരെല്ലാം പ്രയോജനപ്പെടുത്തണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. 2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില് 25 ശതമാനം പേർ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് ആവർത്തിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലം കഴിഞ്ഞാൽ അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ ആഭ്യന്തര മന്ത്രാലയം വ്യാപക പരിശോധന നടത്തും. റെയ്ഡിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുേമ്പാൾ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധം ഫിംഗർ പ്രിൻറ് എടുത്താണ് അയക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.