അബ്ദലി ചാരക്കേസ് വീണ്ടും നയതന്ത്ര പ്രശ്നങ്ങളിലേക്ക്
text_fieldsകുവൈത്ത് സിറ്റി: അബ്ദലി ചാരക്കേസിലെ പ്രതികൾ രക്ഷപ്പെട്ട സംഭവം ഇറാനിലും കുവൈത്തിനുമിടയിൽ വീണ്ടും നയതന്ത്ര പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. പ്രതികൾ ഇറാനിലേക്ക് കടന്നതായ വാർത്തകൾക്ക് പിന്നാലെ കുവൈത്തിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാൻ ഇറാൻ എംബസിക്ക് കുവൈത്ത് നിർദേശം നൽകി.
രാജ്യത്തെ ഇറാൻ എംബസിയിൽ 19 നയതന്ത്ര ഉദ്യോഗസ്ഥരാണ് നിലവിലുള്ളത്. ഇത് നാലുപേരായി ചുരുക്കണമെന്നാണ് നിർദേശം നൽകിയത്.
എംബസിയിലെ ടെക്നിക്കൽ ഓഫിസുകൾ അടച്ചിടാനും ഇറാൻ–കുവൈത്ത് സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എല്ലാ പരിപാടികളും മരവിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചാരക്കേസിലെ പ്രതികൾക്ക് ഇറാൻ എംബസിയുടെ സഹായം ലഭിച്ചതിൽ പ്രതിഷേധം അറിയിക്കാനാണ് പുതിയ തീരുമാനം. ഇറാെൻറയും ഹിസ്ബുല്ലയുടെയും പിന്തുണയോടെ സ്ഫോടന പരമ്പരകൾ നടത്തി രാജ്യത്തെ തകർക്കാൻ ശ്രമിച്ചു എന്നാണു അബ്ദലി ചാരക്കേസ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം.
ഇറാനിയെ പ്രതിയാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കുവൈത്ത് ഇറാൻ നയതന്ത്ര ബന്ധത്തെപോലും ബാധിച്ചിരുന്നു. ഇത് പരിഹരിച്ച് ഇരുരാജ്യങ്ങളും തമ്മിൽ അത്ര ഹൃദ്യമല്ലെങ്കിലും സാധാരണ ബന്ധം പുനഃസ്ഥാപിക്കപ്പെട്ട സ്ഥിതിയിലാണ് കഴിഞ്ഞ ദിവസം മുതൽ അബ്ദലി കേസിലെ പ്രതികളെ കാണാതാവുന്നത്. പ്രതികൾ കടൽമാർഗം ഇറാനിലേക്ക് രക്ഷപ്പെട്ടതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രമാദമായ കേസിൽ സുപ്രീം കോടതി തടവ് വിധിച്ച 26 പേരിൽ 16 പേരാണ് അപ്രത്യക്ഷരായത്.
ജീവപര്യന്തം മുതൽ അഞ്ചു വർഷം വരെ തടവ് വിധിക്കപ്പെട്ട 15 സ്വദേശികളും ഒരു ഇറാൻ പൗരനുമാണ് മുങ്ങിയത്. ഇവരുടെ പേരും ചിത്രങ്ങളും പുറത്തുവിട്ട ആഭ്യന്തരമന്ത്രാലയം വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിക്കുകയോ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ ചെയ്യണമെന്നു നിർദേശിച്ചിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുകയോ ഇതുസംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ മറച്ചുവെക്കുകയോ ചെയ്യുന്നവർക്ക് രണ്ടുവർഷം വരെ തടവും 2000 ദീനാർ വരെ പിഴയും ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
രാജ്യസുരക്ഷക്ക് ഭീഷണിയാകുംവിധം പ്രവർത്തിച്ചുവെന്നാരോപിച്ചാണ് 2015 സെപ്റ്റംബറിൽ സ്വദേശികൾ ഉൾപ്പെടെ 31 പേർക്കെതിരെ കേസെടുത്തത്. ഇറാനും ഹിസ്ബുല്ലക്കും രഹസ്യവിവരങ്ങൾ ചോർത്തി നൽകുന്നുവെന്നും ആരോപണം ഉണ്ടായിരുന്നു. അബ്ദലിയിലെ ഇവരുടെ താമസസ്ഥലത്തുനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും വാർത്താവിനിമയ ഉപകരണങ്ങളും കണ്ടെടുക്കുകയുമുണ്ടായി.
പ്രത്യേക പാർലമെൻറ് സമ്മേളനം കൂടണമെന്ന് തബ്തബാഇ
കുവൈത്ത് സിറ്റി: അബ്ദലി ചാരക്കേസുമായി ബന്ധപ്പെട്ട് പുതുതായുണ്ടായ സംഭവവികാസങ്ങൾ ചർച്ചചെയ്യുന്നതിന് പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന് വലീദ് അൽ തബ്തബാഇ എം.പി ആവശ്യപ്പെട്ടു. മുഹമ്മദ് അൽ മുതൈർ, മുഹമ്മദ് ഹായിഫ് എന്നീ എം.പിമാരും ഇൗ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്ന് ട്വിറ്റർ അക്കൗണ്ടിൽ തബ്തബാഇ പറഞ്ഞു. സംഭവത്തിൽ ഇറാെൻറയും ഹിസ്ബുല്ലയുടെയും നിലപാട് സംബന്ധിച്ച കാര്യങ്ങൾ പാർലമെൻറിൽ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാകേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.