നാലു മാസമായി ശമ്പളം ലഭിച്ചില്ല; സമരവുമായി 4600 തൊഴിലാളികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നാലു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് നാലായിരത് തോളം തൊഴിലാളികൾ സമരത്തിനിറങ്ങി. കുവൈത്ത് ഓയില്‍ കമ്പനിക്കു കീഴിലുള്ള കരാര്‍ കമ്പനി ജീവനക്കാരാണ് ജാബിർ അൽ അഹമ്മദ് പ്രദേശത്ത് കിലോമീറ്റർ 55ൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഇന്ത്യക്കാർ അടക്കമുള്ള ഏഷ്യക്കാരാണ് സമരക്കാരിൽ ഭൂരിഭാഗവും. ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികളും ഇവരിലുണ്ട്. നിയമപ്രശ്നങ്ങൾ ഭയന്ന് മുഖം മൂടിക്കെട്ടിയാണ് ഭൂരിഭാഗം തൊഴിലാളികളും കുത്തിയിരിപ്പ് നടത്തിയത്. കുവൈത്തിൽ അനുമതിയില്ലാതെ കൂട്ടമായി സംഘടിക്കുന്നതും സമരം ചെയ്യുന്നതും നിയമവിരുദ്ധമാണ്.
സമാധാനപരമായ സമരമാണ് തൊഴിലാളികള്‍ നയിച്ചതെന്ന് അല്‍ റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 10 ദശലക്ഷം ദീനാര്‍ കമ്പനിക്ക് ലഭിക്കാനുണ്ടെന്നും അതിനു കാത്തിരിക്കുകയാണെന്നുമാണ് കമ്പനി അധികൃതർ പറയുന്നത്. ഇൗ പണം കിട്ടിയാലുടൻ ശമ്പളക്കുടിശ്ശിക നൽകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇത് തൊഴിലാളികൾക്ക് സ്വീകാര്യമായില്ല. നിത്യച്ചെലവിനുപോലും തങ്ങളുടെ കൈയിൽ പണമില്ലെന്നും ശമ്പളം ഇനിയും വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൊഴിലാളികൾ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. സംഭവസ്ഥലത്ത് എത്തിയ സുരക്ഷ ഉദ്യോഗസ്ഥർ തൊഴിലാളികളിൽനിന്ന് പരാതി കേൾക്കുകയും തൊഴിലുടമയുമായി ബന്ധപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
