വരുന്നു, പറക്കും കാറുകൾ
text_fieldsകുവൈത്ത് സിറ്റി: പറക്കും കാറുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കുവൈത്ത് ദേശീയ വി മാനക്കമ്പനിയും ഡച്ച് കമ്പനിയായ പാൽ-വിയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. പാൽ-വി കമ്പനി വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന പറക്കും കാറുകളുടെ പശ്ചിമേഷ്യയിലെ പരിപാലന കരാറാണ് കുവൈത്ത് എയർവേയ്സ് കോർപറേഷൻ സ്വന്തമാക്കിയത്. കുവൈത്ത് എയർവേയ്സ് കോർപറേഷൻ ഡെപ്യൂട്ടി സി.ഇ.ഒ അബ്ദുൽ ഹലീം സൈദാനും പാൽ-വി സി.ഇ.ഒ റോബർട്ട് ഡിങിമെൻസുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. കെ.എ.സി ബോർഡ് ചെയർമാൻ അബ്ദുൽ ഹമീദ് അൽ ജാസ്സിം, സി.ഇ.ഒ കാമിൽ അൽ അവാദി, കുവൈത്തിലെ നെതർലൻഡ് അംബാഡഡർ ഫ്രാൻസ് പോറ്റിയൂട്ട് തുടങ്ങിയവർ സംബന്ധിച്ചു. അന്തരീക്ഷത്തിൽ 10,000 അടി ഉയരത്തിൽ പറക്കാനും റോഡിലൂടെ മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും സാധിക്കും.
മൂന്ന് ചക്രങ്ങളുള്ള, രണ്ടുപേർക്കിരിക്കാവുന്ന പേഴ്സനൽ എയർ ലാൻഡ് വെഹിക്കിൾ 2021ഓടെ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തും. മിലിറ്ററി, പൊലീസ്, അഗ്നിശമന സേന, പാരാമെഡിക്കൽ വിഭാഗങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് കരുതപ്പെടുന്നത്. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ജെറ്റ് ഫ്യൂവലാണ് പറക്കും കാറിലും ഉപയോഗിക്കുക. ടേക്ക് ഓഫിനായി 180 മീറ്റർ നീളമുള്ളതും ലാൻഡിങ്ങിനു 30 മീറ്റർ നീളമുള്ളതുമായ റൺവേ ആവശ്യമുള്ള ഇവ റോഡുകളിൽനിന്നുതന്നെ ടേക് ഓഫ് ചെയ്യാനും തിരിച്ചിറക്കാനും സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കഴിഞ്ഞ നവംബറിൽ കുവൈത്തിലെ അവന്യൂസ് മാളിൽ പറക്കും കാർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. പറക്കുമ്പോൾ ഹെലികോപ്റ്ററിനോട് സാമ്യമുണ്ട് വാഹനത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
