ഗാർഹികതൊഴിലാളി ദ്രോഹം: സ്പോൺസർമാരെ കരിമ്പട്ടികയിൽ പെടുത്താൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹികതൊഴിലാളികളുടെ അവകാശങ്ങൾ വകവെച്ചു നൽകാത്ത സ്പോൺസർമാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം. ഗാർഹിക മേഖലയിൽനിന്ന് ആവർത്തിച്ചു വരുന്ന പരാതികളുടെ പശ്ചാത്തലത്തിൽ മാൻപവർ അതോറിറ്റിയാണ് നടപടിക്ക് ഒരുങ്ങുന്നത്. അൽ ജരീദ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങൾ, വേതനം നൽകാതിരിക്കൽ, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതർക്ക് ലഭിക്കുന്നത്. ഒരു സ്പോൺസർക്കെതിരെ ഏഴും എട്ടും തവണ പരാതികൾ ലഭിക്കുന്ന സാഹചര്യമുണ്ട്.
ഇത്തരക്കാരെ വീണ്ടും തൊഴിലാളികളെ കൊണ്ടുവരാൻ അനുവദിക്കുന്നത് യുക്തിയല്ല എന്നതിനാലാണ് കരിമ്പട്ടികയിൽപെടുത്തുന്ന കാര്യം ആലോചിക്കുന്നത്. നിരവധി തവണ തൊഴിലാളികളിൽനിന്ന് പരാതി ലഭിക്കുന്ന സ്പോൺസർമാരെയും റിക്രൂട്ട്മെൻറ് ഓഫിസുകളെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി റിക്രൂട്ട്മെൻറിന് അനുമതി നിഷേധിക്കാനാണ് അതോറിറ്റി നീക്കം നടത്തുന്നത്. സ്വകാര്യ തൊഴിൽ മേഖലയിൽ നിലവിൽ കരിമ്പട്ടിക സംവിധാനം ഫലപ്രദമായി നടക്കുന്നുണ്ട്. തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിച്ച് റിക്രൂട്ട്മെൻറ് വിലക്കുകയാണ് സ്വകാര്യമേഖലയിൽ ചെയ്തുവരുന്നത്. സമാന സംവിധാനം ഗാർഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാൻപവർ അതോറിറ്റി ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
