നിക്ഷേപകരെ ആകർഷിക്കാൻ കുവൈത്ത് നിയമങ്ങൾ ലഘൂകരിക്കും
text_fieldsകുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കുവൈത്ത് നിയമങ്ങൾ ലഘൂകരിക്കും. ഇതിനായി നിയമനിർമാണം നടത്താൻ രാജ്യം തയാറെടുക്കുന്നു. വേനലവധിക്ക് ശേഷം ഒക്ടോബറിൽ ചേരുന്ന പാർലമെൻറ് സെഷനിൽ കരടുനിയമം അവതരിപ്പിക്കും. വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിലാവും നിർദിഷ്ട നിയമം. മുതൽ മുടക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും സർക്കാർ നൽകും.
വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ഇതുവരെ കുവൈത്തിന് കഴിഞ്ഞിട്ടില്ല. 2017ൽ രാജ്യത്തെ മൊത്തം നിക്ഷേപത്തിെൻറ ഒരുശതമാനം മാത്രമാണ് വിദേശത്തുനിന്നുള്ളത്. 301 മില്യൺ ഡോളർ മാത്രമാണിത്. പുറത്തേക്കുള്ള പണമൊഴുക്ക് തടയാനായി സ്വദേശികൾക്ക് സ്വന്തം നാട്ടിൽ മുതൽ മുടക്കാൻ പ്രേരണ നൽകുന്ന നടപടികളും ഉണ്ടാവും.
നിക്ഷേപസൗഹൃദ രാജ്യമാവുന്നതിലൂടെ സാമ്പത്തികവ്യവസ്ഥയിൽ കുതിപ്പുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. രാജ്യത്തേക്ക് നേരിട്ടുള്ള നിക്ഷേപം ക്ഷണിക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ നിക്ഷേപക സംഗമം സംഘടിപ്പിച്ചിരുന്നു.
കുവൈത്തിലെ മെച്ചപ്പെട്ട വ്യാപാരാന്തരീക്ഷവും നിക്ഷേപാവസരങ്ങളും ട്രെൻഡുകളും വ്യാപാരി, നിക്ഷേപക സമൂഹത്തിന് പരിചയപ്പെടുത്താനാണ് പ്രധാനമായും ഇത്തരമൊരു പരിപാടി നടത്തിയത്. പ്രത്യക്ഷ നിക്ഷേപം ആകർഷിക്കുന്നതിൽ ഏറെ വൈകിപ്പോയിട്ടുണ്ടെന്നും ഇൗ കുറവ് നികത്തുന്ന രീതിയിൽ ഉൗർജസ്വലമായ പ്രവർത്തനങ്ങളാണ് രാജ്യം ഇപ്പോൾ നടത്തുന്നതെന്നുമാണ് വിലയിരുത്തൽ. കസ്റ്റംസ് ഫീസ് കുറച്ചും ബാങ്കിങ് ഇടപാടുകൾ ലളിതമാക്കിയും രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ നിക്ഷേപകർക്ക് ആകർഷകമാക്കിയിട്ടുണ്ട്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസ് നടപടികളും ലളിതമാക്കി. സ്വകാര്യകമ്പനികൾക്ക് ഏഴു ദിവസത്തിനകം ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
