കുവൈത്തിൽ ജോലിയില്ലാതായവരുടെ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ നീക്കമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം ജോലിയും വരുമാനവുമില്ലാതായവര ുടെ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നു. കടകൾ അടച്ചിടുകയും ബസുകളും ടാക്സിയു ം നിർത്തുകയും ചെയ്തതോടെ നിരവധി പേരാണ് ജോലിയില്ലാതെ ദുരിതത്തിലായത്.
ഇവർ പട്ടിണി കിടക്കാതിരിക്കാനും അടിസ്ഥാനാവശ്യങ്ങൾ നിർവഹിക്കപ്പെടാനും എന്തുചെയ്യാൻ കഴിയുമെന്ന് മന്ത്രിസഭ പഠിച്ചുവരികയാണ്. ഇതുസംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽഅൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏത് രീതിയിലാണ് പദ്ധതി നടപ്പാക്കുകയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ല.
അടിസ്ഥാനാവശ്യങ്ങൾക്കുള്ള മിനിമം തുക സർക്കാർ തന്നെ നൽകുന്നത് ഉൾപ്പെടെ നിർദേശങ്ങൾ പരിഗണനയിലുള്ളതായാണ് റിപ്പോർട്ട്. വരുമാനമില്ലാതായശേഷം ഒരുമാസത്തോളം കഷ്ടിച്ച് പിടിച്ചുനിന്ന പലരും ഇപ്പോൾ ഭക്ഷണത്തിനും വാടകക്കും ബുദ്ധിമുട്ടുന്നുണ്ട്. ചിലർ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കഴിയുന്നത്.
നാട്ടിലേക്ക് പണമയക്കാൻ ഒരു വഴിയുമില്ലാത്ത ഇവരുടെ കുടുംബങ്ങളിലെ അവസ്ഥയും ദയനീയമാണ്. സൂപ്പർ മാർക്കറ്റുകളും റെസ്റ്റാറൻറുകളും ഒഴികെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന റെസ്റ്റാറൻറുകൾ ചിലത് പകുതി ജീവനക്കാരെ ഒഴിവാക്കി. ഇത്തരക്കാർക്ക് മിനിമം ജീവിതാവശ്യങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നത് വലിയ ആശ്വാസമാണ്.