വിദേശ രാജ്യക്കാർക്ക് ക്വാട്ട: നടപടികൾ പുരോഗമിക്കുന്നതായി തൊഴിൽമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ രാജ്യങ്ങളിലെ പൗരന്മാർക്ക് ക്വാട്ട സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി തൊഴിൽ മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി. വിവിധ രാജ്യക്കാർക്ക് നിശ്ചയിക്കേണ്ട പരമാവധി എണ്ണം സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. പാർലമെൻറിൽ ഒസാമ അൽ ഷാഹീൻ എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. മന്ത്രിസഭ തീരുമാനപ്രകാരം ജനസംഖ്യ സന്തുലനം നടപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട ഉന്നതസമിതി ഏഴുതവണ യോഗം ചേർന്നതായും സമയബന്ധിതമായി ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ, ആഭ്യന്തര മന്ത്രാലയം, മാനവശേഷി വകുപ്പ്, ആരോഗ്യ മന്ത്രാലയം എന്നിവയിലെ പ്രതിനിധികൾ അടങ്ങുന്നതാണ് ഉന്നതസമിതി. ക്വാട്ട സംവിധാനം നടപ്പാക്കുക വഴി ഓരോ രാജ്യക്കാരുടെയും എണ്ണം മൊത്തം കുവൈത്തി ജനസംഖ്യയുടെ 20 ശതമാനത്തിൽ കൂടാത്തരീതിയിൽ ക്രമീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി 2030ഓടെ പൂർണമായും ജനസംഖ്യ ക്രമീകരണം പ്രാബല്യത്തിലാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. 120ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ കുവൈത്തില്‍ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താന്‍, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളില്‍നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിെൻറ 90 ശതമാനവും. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കനുസരിച്ച് ഒമ്പതര ലക്ഷം ഇന്ത്യക്കാരാണ് ഒൗദ്യോഗിക രേഖകളോടെ കുവൈത്തിൽ താമസിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിദേശിസമൂഹം എന്ന നിലയിൽ ക്വാട്ട സംവിധാനം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ സമൂഹത്തെ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
